അക്കാലത്തു മസ്താൻ ഒരു ഡോൺ ആയി വളർന്നുക്കൊണ്ടിരിക്കുന്ന സമയമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായൊക്കെ മസ്താനു നല്ല ബന്ധം. ആന്റിന മോഷണക്കേസിൽ തമിഴ്നാട്ടുകാരൻ ഒരാൾ ദിവസങ്ങളായി കസ്റ്റംസ് കസ്റ്റഡിയിൽ മർദനമേറ്റു കഴിയുന്നു എന്നു കേട്ടതോടെ മസ്താന്റെ തമിഴ് സ്നേഹം ഉണർന്നു.
അയാളെ കാണണമെന്നു തോന്നി.മസ്താൻ നേരെ വരദരാജയെ തേടിയെത്തി. ലോക്കപ്പിൽ വരദരാജനെ കണ്ടതും മസ്താൻ തമിഴിൽ ഒരു ചോദ്യം.
” വണക്കം തലൈവരെ.. സൗഖ്യമാ..’ മസ്താന്റെ ആ ചോദ്യത്തിനു മുന്നിൽ മുതലിയാർ വീണു. കസ്റ്റംസിന്റെ പിടിയിൽനിന്നും വരദരാജനെ മസ്താൻ രക്ഷിച്ചു. ഇത്രയും മർദനം കിട്ടിയിട്ടും ഒന്നും വെളിപ്പെടുത്താതെ നിൽക്കുന്ന വരദരാജയെ ഒപ്പംകൂട്ടാൻ പറ്റിയ ആളാണെന്നു മസ്താനു തോന്നി.
ജീവിതത്തിലെ നിർണായക ഘട്ടത്തിൽ തനിക്കു തുണയായ മസ്താനെ മുതലിയാർക്കും നന്നായി ബോധിച്ചു. ഇരുവരുടെയും തമിഴ് ബന്ധം ഈ സൗഹൃദം ഊട്ടിയുറപ്പിച്ചു.
ലോക്കപ്പിൽനിന്ന് ഇറങ്ങിയ ആ നിമിഷം മുതൽ മസ്താനുവേണ്ടി മുതലിയാർ നിലകൊണ്ടു. പിന്നെ മസ്താന്റെ ക്വട്ടേഷൻ വർക്കുകൾ പലതും ഏറ്റെടുത്തു നടത്തിയതു മുതലിയാർ ആയിരുന്നു. മുതലിയാർക്കായി മുംബൈ അധോലോകത്തു ഹാജി മസ്താൻ ഒരിടം സൃഷ്ടിച്ചു നൽകുകയുംചെയ്തു.
മദ്യ നിരോധനം
1952ൽ മുഖ്യമന്ത്രിയായി മൊറാർജി ദേശായി അധികാരമേറ്റപ്പോൾ മഹാരാഷ്ട്രയിൽ മദ്യനിരോധനം നിലവിൽ വന്നു. അതൊരു സുവർണാവസരമായിട്ടാണ് വരദരാജൻ കണ്ടത്.
സെൻട്രൽ മുംബൈയിലെ ഗലികളിൽനിന്നു വരദരാജന്റെ നേതൃത്വത്തിൽ ചാരായം ഉണ്ടാക്കി വില്പന തുടങ്ങി. ആദ്യം ലോക്കൽ ആളുകളെ മുന്നിൽ കണ്ടാണ് ചാരായം വില്പന തുടങ്ങിയതെങ്കിലും വൈകാതെ കച്ചവടം പൊടിപൊടിച്ചു.
ധാരാവി, സിയോൺ, കോളിവാദ, അന്റോപ് ഹിൽ, മാട്ടുംഗ തുടങ്ങിയ മേഖലകളിലെല്ലാം വരദരാജന്റെ ചാരായത്തിനു ആവശ്യക്കാർ ഇരച്ചെത്തി. ഇതോടെ ഈ സ്ഥലങ്ങളിലെല്ലാം വലിയൊരു വില്പന ശൃംഖലയും അയാൾക്കുണ്ടായി.
പോലീസുകാരെ കൂടെക്കൂട്ടി
ചാരായ കച്ചടം വൻതോതിൽ വളർന്നതോടെ പോലീസ് റെയ്ഡും മറ്റും തലവേദനയായി മാറി. ഈ പോലീസുകാരെ ഒതുക്കാനും വരദരാജൻ വഴി കണ്ടെത്തി.
റിട്ടയർ ചെയ്ത പോലീസുകാരെയും താഴ്ന്ന റാങ്കിലുള്ള പോലീസുകാരെയും വരദരാജൻ വിലയ്ക്കെടുത്തു. അവരെ തന്നെ പലപ്പോഴും വരദരാജൻ സ്വന്തം ചരക്കു കടത്തലുകൾക്ക് ഉപയോഗിച്ചു.
ഇതുവഴി പോലീസ് സംഘത്തിന്റെ റെയ്ഡ് നീക്കങ്ങൾ മുൻകൂട്ടി അറിയാനും അതിനു തടയിടാനും അയാൾക്കു കഴിഞ്ഞു. അങ്ങനെ പോലീസിനെ കാഴ്ചക്കാരാക്കി മുംബൈയുടെ നിരത്തുകളിലൂടെ വരദരാജന്റെ മദ്യവുമായി ട്രക്കുകൾ യഥേഷ്ടം ഓടി. ടയർ ട്യൂബുകളിൽ ചാരായം നിറച്ചു കള്ളക്കടത്തു നടത്തുന്ന രീതി ആദ്യമായി പരീക്ഷിച്ചതും വരദരാജൻ തന്നെ ആണ്.
ആദ്യത്തെ ധാരാവി
വരദരാജൻ ഇരുണ്ട മാർഗത്തിലൂടെ സഞ്ചരിക്കുന്നവനായിരുന്നെങ്കിലും വലിയൊരു വിഭാഗം ജനങ്ങൾക്ക് അയാൾ പ്രിയപ്പെട്ടവനായിരുന്നു. മുംബൈയിലേക്ക് അക്കാലത്തു കുടിയേറിയ ദക്ഷിണേന്ത്യക്കാരുടെ രക്ഷകനായിരുന്നു അയാൾ.
ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടകം, കേരളം എന്നിവിടങ്ങളിൽനിന്നെല്ലാം മുംബൈയിലെത്തിയവരുടെ എന്താവശ്യത്തിനും വരദരാജനെ ധൈര്യമായി സമീപിക്കാമായിരുന്നു. ദക്ഷിണേന്ത്യക്കാരായവർക്ക് എന്തു സഹായം ചെയ്യാനും വരദരാജൻ മുന്നിൽ നിന്നു.
ഇതോടെ വരദരാജനെ അവർ നേതാവായി കണ്ടു. ഇന്നത്തെ ധാരാവിയുടെ വളർച്ച തുടങ്ങുന്നതു കുടിയേറ്റക്കാരായ ദക്ഷിണേന്ത്യക്കാർക്കായി വരദരാജൻ സൃഷ്ടിച്ച കോളനിയായിട്ടായിരുന്നു എന്നു പറയാം.
(തുടരും).
തയാറാക്കിയത്: എൻ.എം