കൊച്ചി: മസ്തിഷ്ക മരണം (ബ്രെയിൻ സ്റ്റെം ഡെത്ത്) സാക്ഷ്യപ്പെടുത്താൻ പുതിയ മാർഗനിർദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാർഗരേഖ കേരള സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു.
ഇതിൽ കൂടുതൽ വ്യക്തത വരുത്തി മാർഗനിർദേശങ്ങൾ അക്കമിട്ടു നിരത്തിയാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ ഉത്തരവിറക്കിയത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുക എന്നതു സങ്കീർണമായ പദ്ധതിയാണ്. ശ്വാസവിരാമമോ, ഹൃദയ നിശ്ചലതയോ മരണമായി തിട്ടപ്പെടുത്താനാവില്ല.
മരണം സ്ഥിരീകരണത്തിനു മുന്പ് നിർദിഷ്ട പരിശോധനകൾ നാല് ഡോക്ടർമാരെങ്കിലും ഉൾപ്പെട്ട പാനലിന്റെ മേൽനോട്ടത്തിൽ നടത്തണം. എല്ലാ പരിശോധനകളും രണ്ടുതവണ കുറഞ്ഞത് ആറുമണിക്കൂർ ഇടവേളയോടെ നടത്തേണ്ടതുണ്ട്.
പാനലിലെ ഒരു ഡോക്ടർ പരിശോധന നടത്തുന്പോൾ പാനൽ അംഗങ്ങൾ സാക്ഷിയായി കാര്യങ്ങൾ വിശകലനം നടത്തണം. ഇതുസംബന്ധിച്ച ഒടുവിലത്തെ ആധികാരിക പരിശോധന അപ്നിയ ടെസ്റ്റാണ്. ക്ലിനിക്കൽ തെളിവുകൾ മെഡിക്കൽ പാനൽ ഡോക്ടർമാർ അടുത്ത ബന്ധുക്കളുമായോ, പരിപാലകരുമായോ കൃത്യമായി പങ്കുവയ്ക്കണം. ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
മസ്തിഷ്ക മരണം സംഭവിച്ചെന്നു പാനൽസംഘം ഉറപ്പുവരുത്തി പ്രഖ്യാപിക്കുന്പോൾ തീയതിയും സമയവും വ്യക്തമായി രേഖപ്പെടുത്തിരിക്കണം. മസ്തിഷ്ക മരണം സ്ഥിരീകരിച്ചാൽ അനാവശ്യ ചികിത്സ ഒഴിവാക്കണമെന്ന നിർദേശവുമുണ്ട്. അമിത രക്തസ്രാവത്തെത്തുടർന്നു മസ്തിഷ്കത്തിലെ കോശങ്ങൾക്കു സ്ഥിരമായ നാശം സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്ക മരണം.
മരണത്തിന്റെ പര്യായമായാണ് മസ്തിഷ്ക മരണത്തെ കണക്കാക്കുന്നത്. അതായത് മസ്തിഷ്ക മരണം സംഭവിച്ച രോഗി ഒരിക്കലും ജീവിതത്തിലേക്കു തിരിച്ചുവരില്ല. വിവിധ കാരണങ്ങളാൽ തലച്ചോറിലെ കോശങ്ങളുടെ ശക്തമായ ക്ഷതം, അമിതമായ രക്തസ്രാവം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ ഇവയാണ് മസ്തിഷ്ക മരണത്തിന്റെ പ്രധാന കാരണങ്ങൾ.
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തി നിയമപരമായും വൈദ്യശാസ്ത്രപരമായും മരിച്ചു കഴിഞ്ഞിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.