തൃശൂർ: മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ ഒടുവിൽ സിപിഎമ്മും ബിജെപിയും ധാരണയായതായി സൂചന. ഇതിന്റെ ഭാഗമായാണ് 13നു കൗണ്‍സിൽ വിളിച്ചതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
നെൽപ്പാടങ്ങൾ മണ്ണിട്ടുനികത്തി വീടുകൾ പണിയാനും റോഡിന്റെ വീതി കൂട്ടി ദേവാലയങ്ങളും വീടുകളും ഇടിച്ചുനിരത്താനും നിർദേശങ്ങളുള്ള മാസ്റ്റർ പ്ലാൻ പാസായെന്നു മേയറും ഭരണകക്ഷിയും കൗണ്‍സിലർമാർക്കു നൽകിയ കൗൺസിൽ അജൻഡയിൽ വ്യക്തമാക്കുന്നുണ്ട്.
മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിക്കാൻ തയാറാകുകയും തുടർനടപടികൾക്കായി കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്താൽ മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ ആവശ്യപ്പെടില്ലെന്നു ബിജെപി കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവു കൂടിയായ കൗണ്‍സിലർ വിനോദ് പൊള്ളഞ്ചേരി പറഞ്ഞു.
കോണ്‍ഗ്രസ് പറയുന്നതുപോലെ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന ആവശ്യത്തോടു യോജിക്കാനാകില്ല.
വികസനം നടത്താൻ അപാകതകൾ പരിഹരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. അതിനു സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി തയാറായിട്ടുണ്ട്.
പക്ഷേ, മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനായി ബിജെപിയുമായി സിപിഎം നേതൃത്വം യാതൊരു ഒത്തുതീർപ്പുകളും നടത്തിയിട്ടില്ലെന്നും വിനോദ് പൊള്ളഞ്ചേരി പറഞ്ഞു.
നേരത്തെ മാസ്റ്റർ പ്ലാൻ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ കൗണ്‍സിലിൽ കോണ്‍ഗ്രസിനൊപ്പം ബിജെപി കൗണ്‍സിലർമാരും നടുത്തളത്തിലിറങ്ങി യോഗം തടസപ്പെടുത്തിയിരുന്നു.
ആറു കൗണ്‍സിലർമാരാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന് 24 പേരുണ്ട്.
ബിജെപി കൗണ്‍സിലർമാരും കൂടി ചേർന്നാൽ സ്പെഷൽ കൗണ്‍സിൽ വിളിച്ചാൽ മാസ്റ്റർ പ്ലാൻ റദ്ദുചെയ്യേണ്ടി വരും.
ഇതിനു തടയിടാനാണ് മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിച്ചാൽ നടപ്പാക്കാൻ സഹകരിക്കാമെന്ന ബിജെപിയുടെ വാഗ്ദാനം സ്വീകരിച്ച് 13നു കൗണ്‍സിൽ യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന.
കൗണ്‍സിലർമാർക്ക് വിശദീകരണം നൽകിത്തുടങ്ങി
തൃശൂർ: നഗരത്തിന്റെ സമഗ്രവികസനത്തിനായി സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ സംബന്ധിച്ച് ജനപ്രതിനിധികൾക്കുള്ള സംശയ ദുരീകരണത്തിനായി മേഖല തിരിച്ചുള്ള വിശദീകരണ യോഗങ്ങൾക്കു കോർ്പറേഷൻ കൗണ്‍സിൽ ഹാളിൽ തുടക്കംകുറിച്ചു.
മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കോർപറേഷൻ മെയിൻ ഓഫീസ് പരിധിയിൽ വരുന്ന സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ് മേഖലകളിലെ കൗണ്സിലർമാർക്കാണു വിശദീകരണം നൽകിയത്.
അടുത്ത ദിവസങ്ങളിൽ അയ്യന്തോൾ, ഒല്ലൂക്കര, കൂർക്കഞ്ചേരി, വിൽവട്ടം, ഒല്ലൂർ സോണുകളിലെ കൗണ്‍സിലർമാർക്കു മാസ്റ്റർപ്ലാൻ സംബന്ധിച്ച് വിശദീകരണം നൽകുമെന്നു മേയർ എം.കെ. വർഗീസ് അറിയിച്ചു.