മാതാഹരിയുമായി വാഹനം മുന്നോട്ടുകുതിച്ചു. അടർന്നു വീഴുന്ന മഞ്ഞുകണങ്ങൾ ആ വാഹനത്തെ പൊതിയുന്നുണ്ടെങ്കിലും അതിന്റെ അകം തീച്ചൂള പോലെ എരിയുകയാണെന്നു തോന്നി.
വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരെയുമായി ഇതിനു മുന്പും പലവട്ടം വാഹനങ്ങൾ ഇങ്ങനെ ചീറിപ്പാഞ്ഞിട്ടുണ്ടെങ്കിലും ഇത്രത്തോളം വാർത്തകളിലിടം നേടിയ യാത്ര അടുത്ത കാലത്തൊന്നും ഉണ്ടായിരുന്നില്ല. വാർത്തകളിലൂടെ മാധ്യമങ്ങളിൽ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന വിഐപി സുന്ദരിയാണ് ആ വാഹനത്തിൽ.
ഇന്നലെ വരെ അവൾ പല വന്പന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമൊക്കെ പ്രിയപ്പെട്ടവളായിരുന്നു! പക്ഷേ, നിർണായക നിമിഷത്തിൽ എല്ലാവരും കൈവിട്ടുകഴിഞ്ഞു, ഇപ്പോൾ അവൾ രാജ്യദ്രോഹിയാണ്. പലരെയും തന്റെ ആകാരഭംഗിയിൽ ഭ്രമിപ്പിച്ചു വലയിൽ വീഴ്ത്തി രാജ്യത്തിന്റെ അതീവ രഹസ്യങ്ങൾ ചോർത്തിയെടുത്തു ശത്രുവിനു കൊടുത്ത ചാരവനിത.
വൈകാതെ ലക്ഷ്യസ്ഥാനമായ മൈതാനത്തേക്കു വാഹനം ഇരന്പിക്കയറി. ആ മൈതാനത്തിന്റെ നടുഭാഗത്തുള്ള ചെളിയും പൊടിയും നിറഞ്ഞ ഭാഗത്ത് ഒരു സംഘം സൈനികർ ഈ വാഹനവും എത്തുന്നതും കാത്തു നിന്നിരുന്നു. വാഹനത്തിന്റെ വാതിൽ തുറന്നതും എല്ലാ കണ്ണുകളും അവിടേക്കു തിരിഞ്ഞു.
സംഭ്രമമില്ലാത്ത മുഖഭാവത്തോടെ പേൾ ഗ്രേ നിറത്തിലുള്ള ഉടുപ്പണിഞ്ഞ് അവൾ പുറത്തേക്ക്. കൈകളിൽ ഗ്ലൗസ്, തലയിൽ ആകർഷകമായ ഒരു തൊപ്പി.. അവളെ സഹായിച്ചുകൊണ്ട് അടുത്തുണ്ടായിരുന്ന കന്യാസ്ത്രീ തേങ്ങിക്കരഞ്ഞുകൊണ്ട് തന്റെ കണ്ണുകൾ തുടച്ചു.
ചുറ്റും തിങ്ങിനിന്നിരുന്ന നിശബ്ദതയെ അവരുടെ തേങ്ങൽ കീറിമുറിച്ചു. തൊട്ടുപിന്നാലെയുണ്ടായിരുന്ന വാഹനത്തിൽനിന്ന് ഒരു പുരോഹിതനും മറ്റൊരു സന്യാസിനിയും കൂടി പുറത്തേക്കിറങ്ങി. അവരുടെയും മുഖത്തു കടുത്ത സങ്കടം കൂടുകെട്ടിയിരുന്നു.
മാതാഹരിക്കൊപ്പം അവസാന പ്രാർഥന ചൊല്ലുകയാണ് അവരുടെ ദൗത്യം. ഒപ്പം കോടതിയിൽനിന്നും സൈനിക തലത്തിൽനിന്നുമൊക്കെയുള്ള നിരവധി ഉദ്യോഗസ്ഥർ സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
രാഷ്ട്രത്തലവന്മാർക്കു ഗാർഡ് ഓഫ് ഓണർ നൽകുന്നതിനു സമാനമായ രംഗം ഓർമിപ്പിച്ചുകൊണ്ടാണ് സൈനികർക്കു മുന്നിലൂടെ മാതാഹരി ഒഴുകി നീങ്ങിയത്. തുടർന്ന് അവൾ ധരിച്ചിരുന്ന പുറം കോട്ടും മറ്റും ഉൗരി മാറ്റി.
അല്പംകൂടി മുന്നോട്ടു നീങ്ങിയ ശേഷം വയോധികനായ വൈദികനെയും രണ്ടു സന്യാസിനികളെയും അവൾക്കു സമീപം വിട്ടിട്ട് മറ്റുള്ളവർ അല്പം മാറിനിന്നു. മാതാഹരിക്ക് അവസാന പ്രാർഥനകൾ അർപ്പിക്കാനുള്ള സമയമാണ്.
താഴ്ന്ന സ്വരത്തിൽ അവർ പ്രാർഥിച്ചു തുടങ്ങി. തുടർന്നു മഞ്ഞുവീണു വഴുതലുള്ള പുൽത്തകിടിക്കു മുകളിലൂടെ അവൾ തനിക്കായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്കു പതിയെ നീങ്ങി. ചെളിപുരണ്ട കാൽ നനഞ്ഞ പുല്ലിൽ വഴുതാതിരിക്കാൻ ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീയുടെ കരങ്ങളിൽ അവൾ പതിയെ പിടിച്ചിരുന്നു.
അതേസമയം, അവളിൽനിന്ന് ഏതാനും വാര അകലെ ഒരു സൈനിക ഓഫീസറും 12 സൈനികരും യൂണിഫോമിൽ നിരന്നുകഴിഞ്ഞിരുന്നു. ഫ്രഞ്ച് സേനയിലെ സുവാവ് റെജിമെന്റിൽനിന്നുള്ള സൈനികരായിരുന്നു അവർ. നടക്കുന്നതെല്ലാം ശ്രദ്ധാപൂർവം വീക്ഷിച്ചു തങ്ങൾക്കുള്ള ഉത്തരവിനായി കാത്തുനിൽക്കുകയാണ് അവർ.
പെട്ടെന്നു മാതാഹരി ഒന്നുനിന്നു. എന്നിട്ടു തനിക്കൊപ്പം മുന്നോട്ടുവന്നിരുന്ന സന്യാസിനികളോടു പറഞ്ഞു. “എല്ലാത്തിനും നന്ദി, ഇനി എന്റെ ഒപ്പം നിങ്ങൾ മുന്നോട്ടുവരുന്നത് ഒട്ടും സുരക്ഷിതമല്ല എന്നു തോന്നുന്നു’… അവർക്ക് ഒരു സ്നേഹചുംബനം നൽകി യാത്ര പറഞ്ഞു.
വികാരഭരിതമായ ആ നിമിഷത്തിൽ ആ സന്യാസിനിമാരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പൂവിതൾ പോലെയുള്ള കരങ്ങളിൽ അമർത്തിപ്പിടിച്ച് അവർ ആശ്വാസം പകർന്നു. എന്നാൽ, അവളുടെ മുഖത്തെ ഭാവം എന്തെന്നു വായിച്ചെടുക്കാൻ അവർക്കായില്ല.
ഇതേസമയം, കരുത്തനായ ഒരു സെർജന്റ് മേജർ മുന്നോട്ടുകയറി വന്നു. എന്നിട്ട് അവളെ കരങ്ങളിൽ ഉയർത്തിയെടുത്തു.
(തുടരും)