മാതാഹരിയെ കൈകളിലെടുത്തു സെർജന്റ് മേജർ നടന്നു. അവളെയുമായി ആ ചെളിയിലൂടെ അല്പംകൂടി മുന്നോട്ടു നീങ്ങി. അവിടെ നടുഭാഗത്തായി നേരത്തെതന്നെ ഒരു മരത്തൂണ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ചോരയുടെ മണമുള്ള മണ്ണ്…
അവിടെയാണ് അവൾക്കുള്ള വിധി നടപ്പാകേണ്ടത്. മരത്തൂണിന് അടുത്തെത്താൻ ഏതാനും വാര കൂടി ശേഷിക്കെ ആ പട്ടാള ഓഫീസർ അവളെ താഴെ നിർത്തി. ഒരു നിമിഷത്തിനു ശേഷം അവൾ തനിയെ ആ മരത്തൂണിന് അടുത്തേക്കു ചുവടുവച്ചു. അതിനു മുന്നിലെത്തിയ ശേഷം അവർ സൈനികർക്ക് അഭിമുഖമായി തിരിഞ്ഞു.
അപ്പോൾ മേൽനോട്ടത്തിനായി എത്തിയിരുന്ന സൈനികക്കോടതി ഉദ്യോഗസ്ഥ സംഘത്തിലെ ചീഫ് ക്ലാർക്ക് മുന്നോട്ടു കയറിവന്നു. തന്റെ കൈയിലുണ്ടായിരുന്ന ചുരുൾ നിവർത്തി. കോടതിയുടെ ശിക്ഷാവിധിയുടെ ഭാഗം ഉറക്കെ വായിച്ചു തുടങ്ങി:
ഫ്രാൻസിലെ ജനങ്ങളുടെ പേരിൽ, മൂന്നാം യുദ്ധകൗണ്സിലിന്റെ ഉത്തരവ് പ്രകാരം- മാർഗരറ്റ് ഗെർട്രൂഡ് സലി(മാതാഹരി)നെ ചാരവൃത്തിയുടെ പേരിൽ കോടതി ഏകകണ്ഠമായി വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നു.. ഒരു ഗർജനം പോലെ അന്തരീക്ഷത്തിൽ ഉയർന്ന വാക്കുകൾ വീണ്ടും മാറ്റൊലി കൊള്ളുന്നതായി അവിടെ നിന്നവർക്കു തോന്നി.
തുടർന്നു സെർജന്റ് മേജർ കണ്ണുമൂടി കെട്ടാനുള്ള തുണി അവൾക്കു നേരെ നീട്ടി. എന്നാൽ, ചെറുമന്ദഹാസത്തോടെ മാതാഹരി പറഞ്ഞു, വേണ്ട! അന്പരപ്പോടെ ഒരു നിമിഷം അദ്ദേഹം അവളെ നോക്കിനിന്നു. തുടർന്നു സാവധാനം ഉത്തരവിനു കാതോർത്തുനിന്നിരുന്ന പട്ടാളക്കാരുടെ അടുത്തേക്കു നീങ്ങി.
എന്നിട്ട് അവർക്ക് കേൾക്കാവുന്ന സ്വരത്തിൽ ഇങ്ങനെ പറഞ്ഞു : ഇവൾക്ക് എങ്ങനെ മരിക്കണമെന്ന് അറിയാം!. അടുത്ത നിമിഷം സബ് ലെഫ്റ്റനന്റ് തന്റെ കൈയിലിരുന്ന നീളൻ വാൾ മുകളിലേക്ക് ഉയർത്തി. ഇതോടെ തയാറെടുത്തുനിന്ന പട്ടാളക്കാർ റൈഫിൾ മാതാഹരിക്കു നേരേ ചൂണ്ടി ലക്ഷ്യത്തിൽ കണ്ണുനട്ടു.
അതേസമയം, തോക്കു ചൂണ്ടിയ നിരയിലുണ്ടായിരുന്ന ഒരു യുവഓഫീസറുടെ കരങ്ങൾ വിറകൊള്ളുന്നതു മാതാഹരി കണ്ടു. അയാളുടെ കണ്ണുകളിൽ സഹതാപവും പരിഭ്രമവും കാണാമായിരുന്നു. മാതാഹരി അയാളെ നോക്കി. ധൈര്യപ്പെടുത്തുന്നതുപോലെ മുഖം ചലിപ്പിച്ചു. എന്നിട്ടു പറഞ്ഞു: താങ്ക് യൂ ജന്റിൽമാൻ.
തുടർന്ന് അവൾ ഫയറിംഗ് സ്ക്വാഡിനു ഒരു ഫ്ളയിംഗ് കിസ് സമ്മാനിച്ചു. അടുത്ത നിമിഷം ഓഫീസർ തന്റെ വാൾ താഴ്ത്തി അടുത്ത സന്ദേശം നല്കി. ഉടൻ ഒരു ഫയറിംഗ് സ്ക്വാഡ് അംഗം ബോധമറ്റു വീണു. എന്നാൽ, കുലുക്കമില്ലാതെ നിന്ന ബാക്കിയുള്ളവരുടെ തോക്കുകൾ ഒരേ സമയം ഗർജിച്ചു. ഏതാനും സെക്കന്റുകൾ..
ഒരു നിലവിളിക്കു പോലും അവസരമില്ലാതെ, ചുവപ്പ് പടർന്ന ഒരു പൂവിതൾ പോലെ അടർന്നു, ലോകത്തെ ഏറ്റവുമധികം വിസ്മയിപ്പിച്ച സ്ത്രീകളിലൊരാൾ മരിച്ചു, ഒരു പട്ടാളക്കാരൻ വീര മരണം ഏറ്റുവാങ്ങുന്നതുപോലെ ധീരവും ശാന്തവുമായിട്ടാണ് അവൾ മരണത്തെ നേരിട്ടതെന്നു കണ്ടുനിന്നവർ അടക്കം പറഞ്ഞു.
നാൽപത്തിയൊന്നാം വയസിൽ ഇങ്ങനെ വധിക്കപ്പെടാൻ മാത്രം എന്തു കുറ്റമാണ് മാതാഹരി ചെയ്തിട്ടുള്ളത്? എങ്ങനെയാണ് ഒരു സാധാരണ പെണ്കുട്ടി അസാധാരണ ജീവിതത്തിലേക്കു പറന്നിറങ്ങിയത്? തന്റെ ആകാര സൗന്ദര്യം ആരെയും വീഴ്ത്താൻ ശക്തിയുള്ള ആയുധമാണെന്ന് എങ്ങനെയാണിവൾ തിരിച്ചറിഞ്ഞത്?
ചെയ്യുന്ന തെറ്റുകളുടെ ഗൗരവം ഈ ചാരസുന്ദരി തിരിച്ചറിയാതെ പോയതാണോ ? അതോ ഇവളെ ആരെങ്കിലും ട്രാപ്പിൽ വീഴ്ത്തി ചൂഷണം ചെയ്തതാണോ ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ബാക്കിയാക്കിയായിരുന്നു മാതാഹരിയുടെ മടക്കം.
പലരും അവളുടെ സംഭ്രമജനകമായ ജീവിത്തിലൂടെ തിരിച്ചു നടന്നുനോക്കി. ഒരു ഡിക്ടറ്റീവ് നോവൽ പോലെ ഉദ്വേഗജനകവും ഹൊറർ മൂവി പോലെ ഭീതിപ്പെടുത്തുന്നതുമായ അധികാരത്തിന്റെ ഇടനാഴികളിൽക്കൂടിയും ഇരുണ്ട വഴികളിൽകൂടിയുമായിരുന്നു അവളുടെ യാത്രയെന്നു കുറെയൊക്കെ ലോകം തിരിച്ചറിഞ്ഞു.
1876 ഓഗസ്റ്റ് ഏഴിന് കടം കയറി മുടിഞ്ഞ ഒരു ഡച്ച് തൊപ്പിവില്പനക്കാരന്റെ മകളായിട്ട് നെതർലൻഡ്സിലെ ലീയുവാർഡൻ നഗരത്തിലായിരുന്നു മാതാഹരിയുടെ ജനനം. അമ്മയുടെ മരണം പതിനഞ്ചാം വയസിൽ അവളെ അനാഥത്വത്തിലേക്കു വലിച്ചെറിഞ്ഞു.
പട്ടിണിയുടെ തുരുത്തിലൂടെയുള്ള യാത്രയിൽ അവളുടെ ചുവടുകൾ ഇടറി. സൗന്ദര്യം നോട്ടമിട്ടു വരുന്നവർക്കായി പലപ്പോഴും അവൾ വാതിൽ തുറന്നു. പതിനെട്ടാം വയസിൽ ഏറെ പ്രതീക്ഷയോടെ പുതിയൊരു ജീവിതത്തിനായി അവൾ വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കാൻ തീരുമാനിച്ചു.
അവിടെയും അവളുടെ തീരുമാനങ്ങൾ പക്വതയോടെയുള്ളതായിരുന്നില്ല. തന്നേക്കാൾ 21 വയസ് കൂടുതലുള്ള ക്യാപ്റ്റൻ റുഡോൾഫ് മക്ലിയോഡിനൊപ്പമുള്ള അവളുടെ ജീവിതം ശരിക്കും ഒരു നരകമായിരുന്നു.
മദ്യപാനിയും പരുക്കൻ സ്വഭാവക്കാരനുമായ അയാളോടൊത്തുള്ള ജീവിതം അവൾക്ക് അസഹ്യമായിരുന്നു. ഒടുവിൽ ഒരു ദശകത്തോളം നീണ്ട ആ ജീവിതം ഉപേക്ഷിച്ച് 1902ൽ മാതാഹരി നെതർലൻഡ്സിൽ തിരിച്ചെത്തി. വൈകാതെ അവളുടെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകൾക്കു തുടക്കമായി.
(തുടരും)