1903ൽ ഒരു ഫ്രഞ്ചു നയതന്ത്രജ്ഞന്റെ കണ്ണിൽ മാതാഹരി വന്നുപെട്ടു. അവളുടെ വശ്യമായ സൗന്ദര്യത്തിൽ മതിമയങ്ങിയ അയാൾ പാരീസിലേക്കു മടങ്ങിയപ്പോൾ മാതാഹരിയും ഒപ്പംകൂടി.
പാരീസിലെത്തിയതോടെ തന്റെ സൗന്ദര്യം മാർക്കറ്റ് ചെയ്യാൻ പറ്റിയ അന്തരീക്ഷമാണ് അവിടെയെന്ന് അവൾ തിരിച്ചറിഞ്ഞു. അങ്ങനെ ഒരു ഫ്ളാറ്റിൽ താമസമുറപ്പിച്ചു. സൗന്ദര്യധാമത്തെ തേടി ആളുകൾ എത്തിത്തുടങ്ങി.
സൗന്ദര്യം വിറ്റു പണമുണ്ടാക്കാനുറച്ച് അവൾ നൈറ്റ് പാർട്ടികളും നൃത്തസന്ധ്യകളും ആരംഭിച്ചു. വൈകാതെ സമൂഹത്തിലെ ഉന്നതരിൽ പലരും അവളുടെ സൗഹൃദം തേടിയെത്തി. അസാമാന്യമായി നൃത്തം ചെയ്യാൻ മാതാഹരിക്കു കഴിവുണ്ടായിരുന്നു.
വശ്യമായ നൃത്തത്തിനൊപ്പം തന്റെ ആകാര സൗന്ദര്യംകൂടി ചേർത്തുവച്ചപ്പോൾ പലരുടെയും ഉറക്കംകെടുത്ത റാണിയായി മാതാഹരി മാറുകയായിരുന്നു. നൃത്തത്തിൽ പല പരീക്ഷണങ്ങളും നടത്തി. അവളെ കേന്ദ്രീകരിച്ചു സുന്ദരിമാരുടെ ഒരു നൃത്തസംഘംതന്നെ പിറവിയെടുത്തു.
ആളും ആരവവും ചുറ്റും കൂടിക്കൂടി വന്നതോടെ 1905ൽ അവൾ മാതാഹരി എന്നു സ്വയം വിശേഷിപ്പിക്കാൻ തുടങ്ങി. അരുണോദയത്തിന്റെ കണ്ണ് എന്നതായിരുന്നു മലയാള ഭാഷയിലെ ഈ വാക്കിന്റെ അർഥം. ഇതിനകം പാരീസിലെ ഏറ്റവും പ്രസിദ്ധയായ (കുപ്രസിദ്ധയായ) സുന്ദരിയായി മാതാഹരി വളർന്നിരുന്നു.
വൈകാതെ ഇവളുടെ നൃത്തസന്ധ്യകളെക്കുറിച്ചുള്ള വിശേഷങ്ങൾ പാരീസിനും ഫ്രാൻസിനും പുറത്തേക്കും വ്യാപിച്ചു. അങ്ങനെ 1905-06 വർഷങ്ങളിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും മാതാഹരിക്കായി വേദികൾ ഒരുങ്ങി.
എന്നാൽ, മാസങ്ങളും വർഷങ്ങളും മുന്നോട്ടു പോകവേ അവൾ മനസിലാക്കി പൊതുവേദികളിലെ തന്റെ നൃത്തത്തെക്കാൾ കാണികൾ ആസ്വദിച്ചിരുന്നതു സ്വകാര്യ സദസുകളിലെ നൃത്തമാണ്.
മോൺട് കാർലോയിലെ ജീവിതം അവസാനിപ്പിച്ചു ജർമനിയിലേക്കെത്തിയ മാതാഹരിയെ കാത്തിരുന്നതു തീർത്തും വ്യത്യസ്തമായ മറ്റൊരു ജീവിതമായിരുന്നു. അവിടെവച്ചാണ് ജർമൻ സേനയുടെ കുതിരപ്പട്ടാളക്കാരനായ ആൽഫ്രഡ് കിപ്പർട്ടിനെ മാതാഹരി കാണുന്നത്.
കാഴ്ചയിൽ സുമുഖനായിരുന്ന കിപ്പർട്ടും മാതാഹരിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി. തന്റെ മുൻ ഭാര്യമാരിൽ കണ്ടിട്ടില്ലാത്ത വശ്യത മാതാഹരിയിൽ അയാൾ കണ്ടു.
കിപ്പർട്ടിനെ ആകർഷിച്ചതു മാതാഹരിയുടെ അഴകാണെങ്കിൽ മാതാഹരിയെ ആകർഷിച്ചതു കിപ്പർട്ടിന്റെ പക്കലുള്ള അളവില്ലാത്ത സ്വത്താണ്. അതുകൊണ്ടുതന്നെ കിപ്പർട്ടിന്റെ വിവാഹാഭ്യർഥന മാതാഹരി ഇരുകൈയും നീട്ടി സ്വീകരിച്ചു.
തന്റെ പുതിയ ഭാര്യയ്ക്ക് ആവശ്യമായ സർവസൗകര്യങ്ങളും ഒരുക്കുന്നതിലും അവൾ സദാ സന്തുഷ്ടയാണെന്ന് ഉറപ്പുവരുത്തുന്നതിലും കിപ്പർട്ട് ശ്രദ്ധ പുലർത്തി. മാതാഹരിയുടെ പിന്നീടുള്ള സന്ധ്യകൾ വിരുന്നുകളുടേതായിരുന്നു.
അതീവ സുന്ദരിയായ തന്റെ ഭാര്യയെ വിരുന്നുകൾക്കു കൊണ്ടുപോകുന്നതിൽ കിപ്പർട്ട് യാതൊരുവിധ മടിയും കാണിച്ചില്ല. മാത്രമല്ല അവിടെ അവൾക്കുനേരെ വരുന്ന അസൂയാവഹമായ നോട്ടങ്ങളിൽ അയാൾ വളരെയധികം അഭിമാനംകൊണ്ടു. എന്നാൽ, ഈ വിരുന്നുകളെ മാതാഹരി ഉപയോഗിച്ചതു മറ്റൊരു തരത്തിലായിരുന്നു.
ഏതൊരു സദസിന്റെയും കണ്ണുകൾ തനിക്കു നേരെയാകണമെന്നു നിർബന്ധമുള്ള മാതാഹരി അന്നാട്ടിൽ കിട്ടാവുന്ന വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ഒരു ദേവതയെപ്പോലെ ഒരുങ്ങിയാണ് സദസിലേക്കു പ്രവേശിച്ചിരുന്നത്.
ഒരു ഭാഗത്തു പുരുഷന്മാർ മാതാഹരിയുടെ സൗന്ദര്യത്തിൽ മതിമയങ്ങുന്പോൾ മറുഭാഗത്തു പെണ്ണുങ്ങൾ അവളെക്കുറിച്ച് അസൂയപൂണ്ടു. റ്റ്യൂറ്റോണിക് യുദ്ധസേനയുടെ ഭാഗമായിരുന്ന ഭർത്താവിന്റെ സൗഹൃദവലയത്തിലേക്ക് അവൾ പതിയെ പതിയെ സ്വയം തിരുകിക്കയറി.
യുദ്ധസേനയുടെ ഭാഗമായിരുന്ന ജനറൽമാരും ഫീൽഡ് മാർഷൽമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി വളരെ വേഗം സൗഹൃദത്തിലാകാൻ മാതാഹരിക്കു സാധിച്ചു.
സൗഹൃദത്തിനപ്പുറം മാതാഹരിയുടെ സൗന്ദര്യവും പ്രസരിപ്പും അടുത്തു നിന്നാസ്വദിക്കാൻ കിട്ടുന്ന അവസരമായിരുന്നു അവർക്കത്. അവൾ അവർക്കൊപ്പം മദ്യപിക്കുകയും ആടുകയും പാടുകയും ചെയ്തു. അവരുടെ പലരുടെയും മനസിന്റെ അറകൾ അവൾക്കു മുന്നിൽ തുറക്കപ്പെട്ടു. മാതാഹരി ഒരുക്കിയ മായികവലയത്തിൽ പലരും വീണു.
എന്നാൽ, അപ്പോഴേക്കും മാതാഹരിയുടെ കപടതന്ത്രങ്ങളെക്കുറിച്ചു പല സദസുകളിലും അടക്കം പറച്ചിലുകൾ ഉയർന്നു തുടങ്ങിയിരുന്നു. മാതാഹരിയെക്കുറിച്ചുള്ള കഥകളും കെട്ടുകഥകളും തന്റെ കാതുകളിൽ എത്തിയപ്പോഴെല്ലാം കിപ്പർട്ട് സ്വയം ബധിരനായി.
മേലുദ്യോഗസ്ഥർ തന്റെ ഭാര്യയ്ക്കുവേണ്ടി ഒരുക്കിയ വിരുന്നുകളിലെല്ലാം കിപ്പർട്ട് ഒന്നും കണ്ടില്ലെന്നു നടിച്ചു. മറിച്ച് ഭാര്യയെ അത്രയേറെ പ്രണയിച്ചിരുന്ന ആ പട്ടാളക്കാരൻ അവൾ ആവശ്യപ്പെട്ടതെല്ലാം സാധിച്ചുകൊടുത്തുകൊണ്ടേയിരുന്നു. എന്നാൽ, ഭർത്താവിൽനിന്നു കിട്ടുന്ന സൗഭാഗ്യങ്ങളിൽ തൃപ്തിപ്പെടാൻ മാതാഹരി തയാറായിരുന്നില്ല.
(തുടരും)