1910ൽ കിപ്പർട്ട് ഒരുക്കിയ സ്വർണക്കൂട് ഉപേക്ഷിച്ച് അവൾ വീണ്ടും പാരീസിലേക്കു മടങ്ങി. പാരീസിലെ തന്റെ കാമുകന്മാരും അവർക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുമായിരുന്നു മാതാഹരിയുടെ മനസു മുഴുവൻ.
എന്നാൽ, ഏറെ പ്രതീക്ഷകളോടെ പാരിസിലെത്തിയ മാതാഹരിയെ കാത്തിരുന്നതു നിരാശയായിരുന്നു. കാലം മുന്നോട്ടുപോയതോടെ മാതാഹരിയെയും അവളുടെ മാദകത്വം തുളുന്പുന്ന സൗന്ദര്യത്തെയും ആളുകൾ പഴയതുപോലെ ഗൗനിക്കാതായി. എങ്കിലും പിന്നോട്ടു പോകാൻ അവൾ ഒരുക്കമായിരുന്നില്ല.
പാരിസ് പോലൊരു മഹാനഗരത്തിൽ പിടിച്ചു നിൽക്കാൻ പണം തന്നെ വേണമെന്ന് അവൾക്കു നിശ്ചയമുണ്ടായിരുന്നു. അതിനായി അവൾ ധനികനായ ഒരു ബാങ്കറുടെ ഭാര്യയാകാൻ തീരുമാനിച്ചു. അയാളുടെ സർവ സന്പാദ്യവും തന്റെ സുഖലോലുപ ജീവിതത്തിനായി മാതാഹരി വിനിയോഗിച്ചു.
രണ്ടു വർഷം നീണ്ട ദാന്പത്യത്തിനൊടുവിൽ, വസ്ത്രം മാറുന്ന ലാഘവത്തോടെ അയാളെ ഉപേക്ഷിച്ച്, അവൾ തന്റെ പഴയ തൊഴിലിലേക്കു മടങ്ങി. ശരവേഗത്തിൽ മുന്നോട്ടു കുതിക്കുന്ന പ്രായത്തെ സൗന്ദര്യംകൊണ്ടു പിടിച്ചുകെട്ടാൻ മാതാഹരി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ, കാലം മുന്നോട്ടു പോകവേ മാതാഹരിയുടെ ആരാധകരുടെ എണ്ണം കുറഞ്ഞുവന്നു.
ആ വേനൽക്കാലം മാതാഹരിയുടെ ജീവിതത്തേയും വളരെയധികം പൊള്ളിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ നാളുകളായിരുന്നു അത്. രാജ്യങ്ങൾ തമ്മിലുള്ള ശത്രുത വളർന്നു. സ്കോർ കാർഡുകൾ മാറ്റുന്ന ആവേശത്തോടെ അവർ ശത്രുക്കളെ കൊന്നുവീഴ്ത്തിക്കൊണ്ടിരുന്നു. യുദ്ധം ചൂടുപിടിച്ചതോടെ അവൾ ഹോളണ്ടിലേക്കു മടങ്ങി.
അവിടെയും മാതാഹരിയെ കാത്തിരുന്നതു സൗഭാഗ്യങ്ങളും സ്നേഹവും നിറഞ്ഞ ജീവിതമാണ്. ബാരൺ എഡ്വാർഡ് വില്യം എന്നയാളുടെ ഭാര്യയായതോടെ സന്പന്നജീവിതം അവളെത്തേടി വീണ്ടുമെത്തി. സർപ്പസൗന്ദര്യം തുളുന്പുന്ന തന്റെ പ്രിയതമയ്ക്കായി എഡ്വാർഡ് വില്യം ഒരുക്കിയത് അവളുടെ പ്രൗഢിക്കു മാറ്റുകൂട്ടുന്ന മണിമാളികയായിരുന്നു.
തന്റെ സർവതിനും അധിപയായി അവളെ അയാൾ അവിടെ കുടിയിരുത്തി. ആജ്ഞകൾ നിറവേറ്റാനും അനുസരിക്കാനും വിളിപ്പുറത്തു സഹായികൾ. ഉടുക്കാൻ പട്ടു വസ്ത്രങ്ങൾ, ഉറങ്ങാൻ പട്ടുമെത്ത, വിഭവസമൃദ്ധമായ തീന്മേശ – നഷ്ടപ്പെട്ടു തുടങ്ങി എന്നു കരുതിയ രാജകീയ ജീവിതം തിരികെ എത്തിയത് അവളിൽ അമിതമായ ആത്മവിശ്വാസം നിറച്ചു.
എന്നാൽ, ഈ ബന്ധത്തിലും പുതുമയുള്ളതൊന്നും സംഭവിച്ചില്ല. മറിച്ച് ഇതും അവളിൽ മടുപ്പു നിറച്ചു തുടങ്ങി. തന്റെ കാമുകന്മാരെ സന്ധിക്കാതെ, അവരുടെ തലോടലുകൾ ഏറ്റുവാങ്ങാതെ, തന്റെ സൗന്ദര്യത്തെ അവർ വാനോളം പുകഴ്ത്തുന്നതു കേൾക്കാതെ മാതാഹരിക്ക് ഉറങ്ങാനായില്ല. സുഖസൗകര്യങ്ങളിൽ മുങ്ങി നിൽക്കുന്പോഴും അവൾക്കുള്ളിലെ നിത്യഹരിത കാമുകിയുടെ മനസ് തന്റെ കാമുകന്മാരിലേക്ക് ഓടിയെത്താൻ വെന്പി.
ഒരു ചിത്രശലഭത്തെപ്പോലെ അവരിലേക്കു പറന്നടുക്കാൻ അവൾ ആഗ്രഹിച്ചു. ലോകത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നിന്ന യുദ്ധം അവളെ തെല്ലൊന്നു തടത്തു. എന്നാൽ, ഏതുവിധവും തന്റെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ മിടുക്കുണ്ടായിരുന്ന മാതാഹരി ഹോളണ്ടിൽ നിന്നു പാരിസിലേക്കും തിരികെയും പറന്നു നടന്നു.
യുദ്ധം കൊടുന്പിരികൊണ്ടുനിന്ന കാലത്തായിരുന്നു മാതാഹരിയുടെ ഈ സാഹസിക യാത്രകളും സന്ധിക്കലുകളും. മാതാഹരിയുടെ ഇടയ്ക്കിടെയുള്ള ഈ യാത്രകളെ പല കണ്ണുകളും പിന്തുടർന്നു. അങ്ങനെ ഫ്രഞ്ച് ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രധാന നോട്ടപ്പുള്ളികളിൽ ഒരാളായി മാതാഹരി മാറി, അവൾപോലും അറിയാതെ.
(തുടരും)