ഡച്ച് വ്യാപാര കപ്പലായ ഹോളണ്ടിയയിൽ അവൾ ഒരു സീറ്റ് തരപ്പെടുത്തി. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന പ്രതീക്ഷയോടെ ഇരുന്ന മാതാഹരി ഒരു വാർത്ത കേട്ടു നടുങ്ങി. യുദ്ധം മുറുകുന്നു, നിയന്ത്രണങ്ങൾ കർശനമാക്കുന്നു. അവൾ യാത്ര ചെയ്യാനൊരുങ്ങിയ കപ്പൽ ഇംഗ്ലണ്ടിൽ പിടിച്ചിട്ടു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്ര ചെയ്യാനാവില്ല. തീരത്തടുപ്പിച്ച കപ്പലിലേക്കു ബ്രിട്ടീഷ് അധികാരികൾ ഇരച്ചുകയറി. അവരുടെ ബൂട്ടിന്റെ ശബ്ദവും നിർദേശങ്ങളും തിരയേക്കാൾ ഉച്ചത്തിൽ കപ്പിലിനുള്ളിൽ മുഴങ്ങി.
ചാരവനിതയെ തേടി
അവർ കപ്പലിലുണ്ടായിരുന്ന ചരക്കുകൾ തുറന്നു പരിശോധിക്കുകയും യാത്രക്കാരുടെ അടുത്തുവന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സ്പെയിൻകാരിയായ ഒരു ചാരവനിതയെ ലക്ഷ്യമിട്ടായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ പരിശോധന.
സ്പെയിൻകാരി ക്ലാരാ ബെനെഡിക്സ് കപ്പലിലുണ്ടോയെന്ന് അവർ അരിച്ചുപെറുക്കി തെരഞ്ഞു. ഫ്ലെമെംഗോ നർത്തകിയാണെന്നും സ്പെയിൻ പൗരയാണെന്നുമാണ് ക്ലാര അവകാശപ്പെട്ടിരുന്നതെങ്കിലും അവർ ജർമനിയുടെ ചാരവനിതയായിരുന്നു.
ക്ലാരയ്ക്കായി കപ്പലിൽ നടത്തിയ തെരച്ചിൽ ഒടുവിൽ മാതാഹരിയിൽ വന്നു നിന്നു. നർത്തകിയാണെന്ന വിവരംകൂടി മാതാഹരിയിൽനിന്നു ലഭിച്ചതോടെ തങ്ങൾ തെരയുന്ന സ്ത്രീ ഇവർ തന്നെയെന്നു ബ്രിട്ടീഷ് സേന ഉറപ്പിച്ചു.
അങ്ങനെ അവളെ കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിച്ചു. താൻ നിങ്ങൾ തെരയുന്ന ആളല്ല, മതാഹരിയാണെന്നു അവൾ വാദിച്ചുനോക്കിയെങ്കിലും അവർ വിശ്വസിച്ചില്ല.
പരമാവധി ചെറുത്തുനിന്നെങ്കിലും സൈനികർ അവളെ വലിച്ചിഴച്ചുകൊണ്ടുപോയി ജയിലിലടച്ചു. തുടർന്നു ചോദ്യം ചെയ്യലിന്റെ നാളുകൾ. രാവും പകലും സ്കോട്ലൻഡ് യാർഡിന്റെ പ്രത്യേക വിഭാഗം മാതാഹരിയെ ചോദ്യംചെയ്തു.
ഒടുവിൽ വെളിപ്പെടുത്തൽ
ചോദ്യം ചെയ്യലും പീഡനവും അനുഭവിച്ചു സഹികെട്ടപ്പോൾ അവൾക്കു സത്യം തുറന്നു പറയേണ്ടതായി വന്നു. താൻ ഫ്രഞ്ച് ഇന്റലിജൻസിന്റെ രഹസ്യ ദൗത്യത്തിന്റെ ഭാഗമാണെന്നും ലാഡോയുമായി ബന്ധപ്പെട്ടാൽ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും അവൾ ഉദ്യോഗസ്ഥരെ അറിയിച്ചു. അതോടെ ഇവർ തന്നെ വിട്ടയയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാതാഹരിയുടെ വെളിപ്പെടുത്തൽ.
എന്നാൽ, കാര്യങ്ങൾ തകിടംമറിഞ്ഞു. അധികൃതർ ലാഡോയുമായി ബന്ധപ്പെട്ടെങ്കിലും ഇംഗ്ലണ്ടിൽ സംഭവിച്ച ആളുമാറലിനെക്കുറിച്ച് അവർ പരാമർശിച്ചില്ല.
തങ്ങളുടെ ഭാഗത്തെ വീഴ്ച മറച്ചുവയ്ക്കുകയായിരുന്നു ലക്ഷ്യം എന്നു വേണം കരുതാൻ. അതിലേറെ ദുരന്തമായത് മാതാഹരിയെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും ലാഡോ നിഷ്കരുണം നിരസിച്ചു.
മാത്രമല്ല മാതാഹരിയെ ഹോളണ്ടിലേക്കുള്ള യാത്ര തുടരാൻ അനുവദിക്കരുതെന്നും അവളെ സ്പെയിനിലേക്കു മടക്കി അയയ്ക്കണമെന്നും അവർക്കു മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇതോടെ, ഇംഗ്ലണ്ടിലെ ഉദ്യോഗസ്ഥർ ലാഡോയുടെ വാക്കുകളെ വിശ്വസിക്കുകയും അവളെ സ്പെയിനിലേക്കു കയറ്റിവിടുകയും ചെയ്തു.
അതേസമയം, ഇരുട്ടറയ്ക്കുള്ളിലായിരുന്ന മാതാഹരിക്കു തന്റെ മേൽനോട്ടക്കാരൻ ലാഡോയുടെ കൈകഴുകലിനെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല. അവളുടെ വിഷമം മുഴുവൻ സ്പെയിനിൽ ഒറ്റപ്പെട്ടതോർത്തായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്പെയിൻ, ജർമൻ പട്ടാളക്കാരുടെ നിരീക്ഷണ വലയത്തിലായി മാറി അവൾ.
താൻ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ സാധിക്കാതെ വരുമോ എന്നുപോലും അവൾ ഭയന്നു. ചാരവൃത്തിയെയും ഒരു വിനോദമായി കണ്ട മാതാഹരിയുടെ ചിന്ത മുഴുവൻ ഈ കെണിയിൽനിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു.
അണിഞ്ഞൊരുങ്ങി വീണ്ടും
ഒടുവിൽ തന്റെ വജ്രായുധം പ്രയോഗിക്കാൻതന്നെ മാതാഹരി തീരുമാനിച്ചു. നാളുകൾക്കു ശേഷം ഒരു ദിവസം അവൾ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി. കണ്ണാടിക്കു മുന്നിൽ നിന്നവൾ മനോഹരമായി പുഞ്ചിരിച്ചു. ആ കണ്ണുകൾ വീണ്ടും വിടർന്നു, തിളങ്ങി. ആ സൗന്ദര്യം അവൾക്ക് അതിയായ ആത്മവിശ്വാസം പകർന്നു.
അങ്ങനെയിരിക്കെ, ജർമൻ ഉപസ്ഥാനാധിപതിയായ മേജർ അർണോൾഡ് കാലെയെ മാതാഹരി പരിചയപ്പെട്ടു. തന്റെ സൗന്ദര്യത്തിൽ അയാൾ ആകൃഷ്ടനാണെന്നു മനസിലായ മാതാഹരി അർണോൾഡിനെ തന്റെ ലക്ഷ്യത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചു.
(തുടരും)