
അർണോൾഡിലൂടെ കിട്ടുന്ന വിവരങ്ങൾ ഏതെങ്കിലും മാർഗത്തിലൂടെ പാരീസിലെത്തിക്കുകയായിരുന്നു മാതാഹരിയുടെ ലക്ഷ്യം. എന്നാൽ, ചാരപ്രവർത്തനത്തെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടായിരുന്ന അർണോൾഡ് അനാവശ്യവും പഴകിയതുമായ വിവരങ്ങൾ മാതാഹരിക്കു നൽകി.
തന്റെ വാക്കുകളെ വിശ്വസിക്കുന്ന മാതാഹരിയെ നോക്കി അയാൾ ഉള്ളിൽ ചിരിച്ചു. എന്നാൽ, ജർമൻ സേനയിൽനിന്നു കിട്ടാവുന്ന പരമാവധി വിവരങ്ങൾ ശേഖരിച്ചു എന്നു വിശ്വസിച്ചു ആഹ്ലാദത്തോടെ മാതാഹരി ഫ്രാൻസിലേക്കു മടങ്ങി. ലാഡോയും സേനയും അവളുടെ ധീരമായ സേവനത്തെ അഭിനന്ദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവളുടെ മടക്കം.
തിരിച്ചടി
ഫ്രാൻസിലെത്തിയ മാതാഹരി പലവട്ടം ലാഡോയെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ മാതാഹരിയെ കാണാൻ കൂട്ടാക്കിയില്ല. ഒടുവിൽ ലാഡോയെ നേരിൽ കണ്ടപ്പോൾ സംഭവിച്ചതോ, എല്ലാം മാതാഹരിയുടെ പ്രതീക്ഷകൾക്ക് എതിരായിരുന്നു.
“നിങ്ങളെപ്പോലൊരാളെ ചാരവൃത്തിക്കു നിയമിച്ചതു വലിയ തെറ്റായിപ്പോയി” ലാഡോ കയർത്തു. ലാഡോയുടെ വാക്കുകൾ ആദ്യം അവളെ തളർത്തിയെങ്കിലും മാതാഹരിയിലെ ശാഠ്യക്കാരി ഉണർന്നു. സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചു വീണ്ടും പ്രവർത്തിക്കാൻ അവൾ തീരുമാനിച്ചു.
കാരണം ലാഡോ പറഞ്ഞതു പോലെ ഒന്നിനും കൊള്ളാത്തവളല്ല താൻ എന്നു തെളിയിക്കേണ്ടത് അവളുടെ മാത്രം ആവശ്യമായിരുന്നു. മാത്രമല്ല മസ്ലോഫും താനും സ്വപ്നം കണ്ട ജീവിതം അവൾക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു.
കുരുക്ക് മുറുകി
അതേസമയം. മറുവശത്തു ലാഡോയും സംഘവും ഭ്രാന്തുപിടിച്ചു പരക്കം പായുകയായിരുന്നു. സ്പെയിനിൽനിന്നു മേജർ കാലെ കൈമാറിയ സന്ദേശങ്ങൾ അവരെ ആശങ്കയിലാക്കി. ഫ്രാൻസിന് ഭയപ്പെടാനാവശ്യമായ എല്ലാം ആ സന്ദേശങ്ങളിലുണ്ടായിരുന്നു.
കാലെയുടെ സന്ദേശങ്ങൾ പ്രകാരം അയാൾക്കു വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നത് H21 എന്ന ഏജന്റിൽ നിന്നായിരുന്നു. H21നെ അവൾ എന്നു സംബോധന ചെയ്തെഴുതിയതു സംശയത്തിന്റെ നിഴൽ വീണ്ടും മാതാഹരിയിലേക്കു നീളാൻ ഇടയാക്കി.
ഫ്രാൻസിനു വേണ്ടി ചാരപ്രവർത്തനം നടത്താൻ ഇറങ്ങിത്തിരിച്ച മാതാഹരി ഫ്രാൻസിനെതിരേ ചാരപ്രവർത്തനം നടത്തിയെന്നു സൈനിക നേതൃത്വം സംശയിച്ചു.
പകവീട്ടുക എന്ന മനോഭാവത്തോടെയായിരുന്നു മേജർ കാലെയുടെ ഓരോ നീക്കവും. അയാൾ അയച്ചിരുന്ന സന്ദേശങ്ങളിലെ ഓരോ കോഡും എഴുതപ്പെട്ടിരുന്നതു ഫ്രഞ്ച് മേധാവികൾ കൃത്യമായി വായിക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു.
തടവറയിൽ
1917 ഫെബ്രുവരി 13ന് മാതാ ഹരി അറസ്റ്റിലായി. ജർമനിക്കുവേണ്ടി ചാരപ്രവൃത്തി നടത്തി എന്നതായിരുന്നു അവളുടെ മേൽ ചുമത്തപ്പെട്ട കുറ്റം. ലോകം മുഴുവൻ ആരാധിച്ചിരുന്ന ആ സൗന്ദര്യം ആഴുക്കുചാലുപോലെ വൃത്തി ഹീനമായ തടവറയിലേക്കു വലിച്ചെറിയപ്പെട്ടു. വളരെ രഹസ്യമായിട്ടായിരുന്നു മാതാഹരിയുടെ വിചാരണയുടെ ഒാരോ ഘട്ടവും.
മാത്രമല്ല അതു സംബന്ധിച്ച രേഖകൾ നൂറുവർഷത്തേക്കു സീൽ ചെയ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു.
സേനയുടെ നിയമപ്രകാരം മാതാഹരിയുടെ അഭിഭാഷകനു വാദിഭാഗം സാക്ഷികളെ വിസ്തരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. അവിശ്വസനീയമെന്നു പറയാതെ വയ്യ തന്റെ കക്ഷിയായ മാതാഹരിയെപ്പോലും വിസ്തരിക്കാൻ എഴുപത്തിനാലുകാരനായ ആ അഭിഭാഷകന് അവസരം ലഭിച്ചില്ല.
വർഷങ്ങൾക്കു ശേഷം മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകർ പറയുന്നതിങ്ങനെയാണ്: സ്വയരക്ഷയ്ക്കായി ലാഡോയും അയാളുടെ കൂട്ടാളികളും ചേർന്നു മെനഞ്ഞെടുത്ത തെളിവുകളാണ് മാതാഹരിക്കെതിരെ നിരത്തപ്പെട്ടത്.
യുദ്ധഭൂമിയിലെ ഫ്രഞ്ച് പട്ടാളക്കാർക്കുമേൽ പഴി ചുമത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് രാജ്യത്തിനു വേണ്ടി ചാരവൃത്തിയിലേർപ്പെടുന്നവർക്കു നേരെ വിരൽ ചൂണ്ടാൻ. വിരുദ്ധ ചേരികളിലായിരുന്ന ജർമനിക്കും ഫ്രാൻസിനും വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കുറ്റമാണ് അവൾക്കു മേൽ ചുമത്തപ്പെട്ടത്.
1917 ഒക്ടോബർ 15ന് മാതാഹരിയുടെ വധശിക്ഷ നടപ്പാക്കി. ലോകത്തെ മുഴുവൻ തന്റെ വശ്യസൗന്ദര്യത്തിൽ ഭ്രമിപ്പിച്ചു നിർത്തിയ മാതാഹരി തന്റെ അന്ത്യ സമയത്തുപോലും ഒരു “മാതാഹരി ടച്ച്’ സൂക്ഷിച്ചു.
തോക്കിൻകുഴൽ മുന്നിൽ കണ്ട നേരത്തുപോലും കണ്ണുകൾ മൂടിക്കെട്ടാൻ അനുവദിക്കാതെ അവൾ തലയുയർത്തി നിന്നു. ചുറ്റും മരണത്തിന്റെ മണം പരന്നപ്പോഴും അവളുടെ മുഖം മങ്ങിയില്ല. വിധി നടപ്പാക്കാൻ നാട്ടിയ മരത്തൂണിനു ചുവട്ടിലേക്ക് അവൾ സ്വയം നടന്നു കയറി.
സബ് ലെഫ്റ്റനന്റ് തന്റെ കൈയിലുണ്ടായിരുന്ന വാൾ ഉയർത്തി പട്ടാളക്കാർക്കു സന്ദേശം നൽകുന്നതും അവർ അവൾക്കു നേരെ തോക്കു ചൂണ്ടി ഉന്നം വയ്ക്കുന്നതും അവൾ ചെറുമന്ദഹാസത്തോടെ കണ്ടുനിന്നു. മരണത്തിനു തൊട്ടു മുൻപുള്ള നിമിഷം ഫയറിംഗ് സ്വകാഡിനെ നോക്കി ഒരു ഫ്ലൈയിംഗ് കിസ് സമ്മാനിച്ചു.
ശേഷം അവിടെ ഉയർന്നതു തോക്കുകളുടെ ഗർജനമാണ്. വെടിയുണ്ടകൾ ചീറിപ്പാഞ്ഞു മാതാഹരിയുടെ ശരീരത്തിലേക്കു തുളച്ചു കയറി. ഒരു ചുവന്ന പൂവ് കൊഴിയും പോലെ അവൾ മരണത്തിലേക്കു കൊഴിഞ്ഞുവീണു.
അപ്പോൾ അവിടെ പടർന്ന കാറ്റിൽ ലോകത്തെ വിസ്മയിപ്പിച്ച ആ സുന്ദരിയുടെ രക്തത്തിന്റെ മണത്തിനൊപ്പം അവളുടെ വാക്കുകളും അലിഞ്ഞു ചേർന്നു – “എല്ലാം വെറും മിഥ്യ മാത്രം’.