മുലയൂട്ടുന്ന അമ്മമാര്‍ക്ക് ബസുകളില്‍ സീറ്റ് സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. അമ്മമാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി മൂന്ന് വശത്തുനിന്നും കര്‍ട്ടണ്‍ കൊണ്ട് മറച്ചാണ് സീറ്റ് ഒരുക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയതായി ഗതാഗത മന്ത്രി ഭൂപേന്ദ്ര സിംങ് അറിയിച്ചു. ഡ്രൈവര്‍ക്ക് തൊട്ടുപിറകിലുള്ള സീറ്റാണ് സംവരണ സീറ്റായി തിരഞ്ഞെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ ബസുകള്‍ക്ക് പുറമെ സ്വകാര്യ ബസുകളിലും സംവരണം നടപ്പാക്കും. ഇതുസംബന്ധിച്ച് ബസുടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഭൂപേന്ദ്ര സിങ് അറിയിച്ചു. സീറ്റ് സംവരണവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകളും ഉപാധികളും പുതിയ ബസ് പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെടുത്താനും ആലോചനയുണ്ട്. സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയതെന്ന് ഭൂപേന്ദ്ര സിങ് പറഞ്ഞു. ചൈന ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ‘മറ്റേണിറ്റി സീറ്റ്’ എന്ന പേരില്‍ ഈ സംവിധാനം വളരെക്കാലം മുമ്പുതന്നെ നടപ്പാക്കിയിട്ടുള്ളതാണ്.