ന്യൂഡൽഹി: കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രസവാനുകൂല്യപദ്ധതി ‘പ്രധാൻ മന്ത്രി മാതൃവന്ദന യോജന (പിഎംഎംവിവൈ)’ ഫണ്ടിൽ പകുതിപോലും വിനിയോഗിച്ചിട്ടില്ലെന്ന് പാർലമെന്ററിസമിതിയുടെ കണ്ടെത്തൽ. 2023-24ൽ പദ്ധതിക്കുവേണ്ടി 2,067 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരുന്നു. എന്നാൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 1,500 കോടി രൂപയായി ഇത് കുറച്ചു. ഇതിൽ വിനിയോഗിച്ചത് 870.34 കോടി രൂപ മാത്രമാണ്.
2024-25ൽ എസ്റ്റിമേറ്റ് പുതുക്കിയതോടെ 2,067 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റ് 754 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞവർഷം ഡിസംബർ 31 വരെ ഇതിൽ 384.36 കോടി രൂപ മാത്രമാണ് വിനിയോഗിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്ത് അമ്മയ്ക്കു നൽകുന്ന 5,000 രൂപയുടെ ധനസഹായം 6,000 രൂപയായി ഉയർത്താൻ കോണ്‍ഗ്രസ് എം.പി. ദിഗ്വിജയ സിംഗിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ഈ തുക ഭക്ഷ്യവിലപ്പെരുപ്പവുമായി ബന്ധപ്പെടുത്തി യഥാസമയം പരിഷ്കരിക്കണമെന്നും ശിപാർശയിലുണ്ട്. പിഎംഎംവിവൈ പദ്ധതിപ്രകാരം, ആദ്യകുട്ടിക്ക് പ്രസവാനുകൂല്യമായി മൂന്ന് ഗഡുക്കളായി 5,000 രൂപ അമ്മയ്ക്കു നൽകുന്നു. രണ്ടാമത്തെ കുട്ടി പെണ്‍കുട്ടിയാണെങ്കിൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് 6000 രൂപയും നൽകും. ദേശീയ ആരോഗ്യദൗത്യത്തിന്റെ ജനനി സുരക്ഷാ യോജന പ്രകാരം അർഹരായ സ്ത്രീകൾക്ക് ഇതിനുപുറമേ 1,000 രൂപ കൂടി അനുവദിച്ചേക്കുമെന്ന് വനിതാ-ശിശു വികസന മന്ത്രാലയം സമിതിയെ അറിയിച്ചിട്ടുണ്ട്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലാണ് പിഎംഎംവിവൈ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളത്.
ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവന്നതെന്നും ജനനി സുരക്ഷ യോജനയുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും സമിതി ശിപാർശയിൽ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം അങ്കണവാടി ജീവനക്കാരുടെ 13.97 ലക്ഷം തസ്തികകളിൽ 82065 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായും അങ്കണവാടി സഹായികളുടെ 13.14 ലക്ഷം തസ്തികകൾ അനുവദിക്കപ്പെട്ട സ്ഥാനത്ത് 1.31 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അങ്കണവാടി കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അങ്കണവാടി ജീവനക്കാർക്ക് നിലവിൽ നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്നും സമിതി നിർദേശിക്കുന്നു. ഇപ്പോൾ നൽകുന്ന തുക കേന്ദ്രം നിർദേശിക്കുന്ന മിനിമംവേതനത്തിന് താഴെയാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
പിഎംഎംവിവൈയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധി ബുധനാഴ്ച രാജ്യസഭയിൽ ആരോപിച്ചിരുന്നു. പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തുന്നില്ല. അനുവദിച്ച തുക പിന്നീട് വെട്ടിക്കുറയ്ക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ സുപ്രധാനവ്യവസ്ഥകളെ ഖണ്ഡിക്കുന്നതാണ് ഇതെന്നും സോണിയ ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകൻ