യു. ഷറഫലി (മുൻ താരം)
പ്രഫഷണലിസത്തിലേക്കു കടന്ന ഇന്ത്യൻ ഫുട്ബോളിനു ലഭിച്ച അമൂല്യനിധിയാണ് ഫിഫ അണ്ടർ-17 ലോകകപ്പ്. കൗമാരക്കാരുടെ കാൽപ്പന്തുകളിയെ വരവേൽക്കാൻ രാജ്യമാകെ ഒരുങ്ങിയ ഈ വേളയിൽ ഏറ്റവും അനുകൂല സാഹചര്യമാണ് ഇന്ത്യൻ ഫുട്ബോളിനു കൈവന്നിരിക്കുന്നത്. വെറും ആവേശത്തിലൊതുങ്ങാതെ ലോകകപ്പ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിലാണ് ഇനി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി. കൗമാരക്കാരുടെ ലോകകപ്പ് ഇന്ത്യയിൽ ഏങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമോ അതനുസരിച്ചായിരിക്കും നമ്മുടെ ഫുട്ബോളിലെ മുന്നേറ്റം.
നമ്മുടെ കുട്ടികൾക്കു മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. ഫുട്ബോൾ ആകെ മാറിക്കഴിഞ്ഞു. ഒപ്പം സാമ്പത്തിക നേട്ടവും. ഞങ്ങളൊക്കെ കളിച്ചിരുന്ന കാലത്ത് സ്ഥിതി വെറൊന്നായിരുന്നു. പകുതി പ്രഫഷണലിസമേ അന്ന് ഇന്ത്യയിലുണ്ടായിരുന്നുള്ളു. അതും കോൽക്കത്തയിൽ മാത്രം. പിന്നെ അതു ഗോവയിലെത്തി. പിന്നീട് എത്തിയ ദേശീയ ലീഗും പേരു മാറ്റിയെത്തിയ ഐലീഗും തൊട്ടുപിന്നാലെത്തിയ ഇന്ത്യൻ സൂപ്പർ ലീഗും എത്രമാത്രം മാറ്റങ്ങളാണ് ഇന്ത്യയിൽ വരുത്തിയിട്ടുള്ളതെന്നു വ്യക്തമാണ്.
ഇപ്പോൾ അണ്ടർ-17 ലോകകപ്പും എത്തിക്കഴിഞ്ഞു. ഈ ആവേശം കെടാതെ സൂക്ഷിക്കണം നമ്മൾ. രാജ്യത്തെ കുട്ടികളെല്ലാം ഫുട്ബോൾ കളിക്കട്ടെ, അക്കാഡമികൾ നാടുമുഴുവൻ നിറയട്ടെ. ഫലപ്രദമായും ഗൗരവമായും ഫുട്ബോളിനെ കാണുക കൂടി ചെയ്താൽ നമുക്ക് പ്രതീക്ഷയുണ്ട്. യൂത്ത് അക്കാഡമികൾ വരാതെ രാജ്യം രക്ഷപ്പെടില്ല. വെറും ചാമ്പ്യൻഷിപ്പ് നടത്താൻ വേദി അനുവദിച്ചു തന്നതല്ല ഫിഫ. ഉറങ്ങുന്ന സിംഹമാണ് ഇന്ത്യയെന്നു ഫിഫ തന്നെ വ്യക്തമാക്കിയതാണ്.
അതിനാൽ ഉണരുകയേ നിവൃത്തിയുള്ളൂ. കളി അവസാനിക്കുമ്പോൾ അതിന്റെ തുടർച്ച ഇന്ത്യയിൽ കണ്ടേ പറ്റൂ. നിലവാരമുള്ള ഒരുപാട് സ്റ്റേഡിയങ്ങളാണ് നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഫ്ളഡ്ലിറ്റ് സംവിധാനമുള്ളതും ഇല്ലാത്തതും. ലോകകപ്പ് കഴിയുമ്പോൾ ഇതെല്ലാം പരിപാലിച്ചു കൊണ്ടു പോകണം.
അതിനു ഭാരിച്ച ചെലവു വരുമെങ്കിലും അതതു ഫുട്ബോൾ അക്കാഡമികളെയും ക്ലബ്ബുകളെയും അവ ഏൽപ്പിക്കാൻ കഴിയണം. ധാരാളം കുട്ടികളാണ് ഫുട്ബോളിലേക്കു അടുത്തുകൊണ്ടിരിക്കുന്നത്. കേരളത്തിനും ഇതു അനുകൂല ഘടകമാണ്. വിദേശതാരങ്ങളോടൊപ്പം കളിക്കാൻ അവസരം ലഭിക്കുന്നു. മികച്ച ക്ലബുകൾ, പരിശീലകർ, വിദേശങ്ങളിൽ പരിശീലനം അങ്ങനെ ധാരാളം ഘടകങ്ങളാണ് ഇന്ത്യൻ ഫുട്ബോളിൽ വന്നു ചേർന്നിരിക്കുന്നത്.
ഇവയെല്ലാം ഭാവിയിൽ കുട്ടികൾക്കു ഗുണം ചെയ്യും. ശാസ്ത്രീയമായും ഗൗരവമായും ഇടപെടുക കൂടി ചെയ്താൽ ഇന്ത്യൻ ഫുട്ബോൾ വളരും. പിന്നെ അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ടീമിനെക്കുറിച്ചു നല്ലതേ പറയാനുള്ളൂ. ധാരാളം പരിശീലന മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു. ഭേദപ്പെട്ട പ്രകടനവും ഇന്ത്യ കാഴ്ചവച്ചു. ഹോം ടീമെന്ന നിലയിൽ അനുകൂല സാഹചര്യവും നമുക്കുണ്ട്. എന്നിരുന്നാലും അമിത പ്രതീക്ഷയർപ്പിക്കുന്നില്ല.
തയാറാക്കിയത്
വി. മനോജ്