തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല ക്ഷേത്രത്തിന്റെ പേരോ അതുമായി ബന്ധപ്പെട്ട പ്രസ്താവനകളോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എന്നാൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രചാരണമാകാമെന്നും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
മതം, ആരാധനാലയം, ജാതി എന്നിവയുടെ പേരിൽ ജനവികാരം വഷളാക്കരുതെന്നാണ് കഴിഞ്ഞ ദിവസം താൻ പറഞ്ഞിരുന്നത്. എന്നാൽ ഇതിനെ ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി അമിതവ്യാഖ്യാനം നൽകരുതെന്നും ടിക്കാറാം മീണ പറഞ്ഞു. യുവതി പ്രവേശനത്തിൽ ഏത് രീതിയിൽ വിഷയം ഉന്നയിക്കണമെന്ന് അവരവർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.