പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ കര്‍ഷകനായ പി.പി. മത്തായി (41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി വനംവകുപ്പ് ജീപ്പ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തു.
മത്തായിയുമായി വനപാലകര്‍ അവസാനമായി യാത്ര ചെയ്ത ജീപ്പ് സംഭവദിവസം ഉപേക്ഷിച്ചു പോയതാണ്. ഇതു പിന്നീട് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ജീപ്പ് സിബിഐ സംഘം കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരം ഓഫീസ് കോമ്പൗണ്ടിലേക്ക് ഇന്നലെ മാറ്റി. പ്രാഥമികാന്വേഷണം നടത്തിയ പോലീസ് സംഘം ജീപ്പിനെ സംബന്ധിച്ച് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
മത്തായിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയതും തെളിവെടുപ്പിനെന്ന പേരില്‍ കുടപ്പനയിലെത്തിയതുമെല്ലാം ഈ ജീപ്പിലായിരുന്നു.
കിണറ്റില്‍ മത്തായി കിടക്കുന്നതറിഞ്ഞ് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍ വനപാലകര്‍ ജീപ്പ് കുടപ്പനയില്‍ തന്നെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വനപാലകരെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നും സൂചന ലഭിച്ചു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീര്‍പ്പ് കല്പിച്ചിരുന്നു.
ഇതോടെ വനപാലകരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനടക്കും സിബിഐയ്ക്ക് തടസമില്ല.