പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ യുവകര്ഷകന് പി.പി. മത്തായി മരിച്ച കേസില്‍ ശാസ്ത്രീയ തെളിവുകള്‍ തേടി പോലീസ് അന്വേഷണസംഘം. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമായിട്ടുണ്ടെങ്കിലും നിയമപരമായ നടപടിക്രമങ്ങളിലെ വീഴ്ചയാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വനപാലകരെ പ്രതിചേര്‍ത്ത കേസെടുക്കാനാകൂവെന്ന നിലപാടിലാണ് പോലീസ് സംഘം. ശാസ്ത്രീയ തെളിവുകള്‍ ഏറെക്കുറെ പൂര്‍ണമായിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
ജൂലൈ 28നു വൈകുന്നേരമാണ് മത്തായിയെ വനപാലകസംഘം കസ്റ്റഡിയിലെടുത്തത്. രാത്രിയില്‍ ഇദ്ദേഹത്തെ കുടപ്പനയിലെ കുടുംബവീടിനു സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു.
കസ്റ്റഡിയിലെടുത്തതു സംബന്ധിച്ച കൃത്യമായ രേഖകളൊന്നും തന്നെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു കണ്ടെത്താനായില്ല. മത്തായി കിണറ്റില്‍ വീണതായി വനപാലകസംഘം പറയുന്നുണ്ടെങ്കിലും ഇയാളെ രക്ഷിക്കാന്‍ നില്‍ക്കാതെ കടന്നുകളഞ്ഞ സംഭവവും ഗുരുതരമായ കൃത്യവിലോപമായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തേ തുടര്‍ന്ന് എത്തിയ ജീപ്പു പോലും ഉപേക്ഷിച്ചു കടന്നു കളഞ്ഞ സംഘം പിന്നീട് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്താതെ ഗുരുനാഥന്മണ്ണ്, കരികുളം ഫോറസ്റ്റ് സ്റ്റേഷനുകളിലെത്തിയിരുന്നതായാണ് സൂചന.
ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്നതിലേക്ക് വനപാലകരുടെ മൊബൈല്‍ ഫോണുകളുടെ സംഭവദിവസത്തെ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചുവരികയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷനുകള്‍ കണ്ടെത്തുന്നതിനുള്ള അനുമതി ഡിജിപിയില്‍ നിന്ന് അന്വേഷണസംഘം വാങ്ങിയിട്ടുണ്ട്.
ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറി രാത്രിയില്‍ വടശേരിക്കര റേഞ്ച് ഓഫീസിലെത്തിച്ച് സമയം വൈകി മത്തായിയുടെ കസ്റ്റഡി എഴുതിച്ചേര്‍ത്തതാണെന്നു കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചു.
പിഴവുകള്‍ ശാസ്ത്രീമായി തെളിയിച്ചശേഷം മാത്രമേ വനപാലകര്‍ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഇതിന് ഏതാനും ദിവസം കൂടി വേണ്ടിവരുമെന്നാണ് പറയുന്നത്.
ഐപിസി 304 പ്രകാരം നരഹത്യക്കേസ് ഇവര്‍ക്കെതിരെ നിലനില്‍ക്കുമെന്ന് പോലീസ് സംഘത്തിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വനപാലകരെ വിളിച്ചുവരുത്തി വിശദമായി മൊഴി രേഖപ്പെടുത്തി.
വനപാലകസംഘത്തിനുവേണ്ടി മൊഴി നല്കി രംഗത്തെത്തിയ അരുണിന്റെ പങ്കാളിത്തവും സംശയത്തോടെയാണ് കാണുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ വ്യത്യസ്തമായ മൊഴിയാണ് ലഭിച്ചത്. മരിച്ച മത്തായിയുടെ സുഹൃത്ത് എന്ന പേരില്‍ രംഗപ്രവേശം ചെയ്ത അരുണിന് ചോദ്യം ചെയ്യലില്‍ സുഹൃത്താണെന്നു തെളിയിക്കാനായില്ല.