പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി (പൊന്നു – 41) മരിച്ചിട്ട് നാളെ ഒരു വര്‍ഷം.
യുവകര്‍ഷകനായ മത്തായിയുടെ മരണകാരണം കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ഭാര്യ ഷീബയും ബന്ധുക്കളും കര്‍ഷക സംഘടനകളും നടത്തിയ ഐതിഹാസിക സമരത്തിലൂടെ ശ്രദ്ധേയമായ കേസാണിത്.
ഒടുവില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും 11 മാസത്തെ അന്വേഷണത്തില്‍ ആരെയും അറസ്റ്റു ചെയ്യാനോ കുറ്റപത്രം പൂര്‍ത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നാണ് ഇപ്പോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അന്തിമ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി നല്‍കിയിരിക്കുകയാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സിബിഐ സംഘം റീ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാണ് സംസ്കരിച്ചത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ചാണ് സിബിഐ സംഘം മുന്നോട്ടു പോയത്.
മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകരും അവരോടൊപ്പമുണ്ടായിരുന്ന മറ്റു ചിലരും കേസില്‍ പ്രതി സ്ഥാനത്തെത്തുമെന്ന സൂചനയുണ്ടായിരുന്നു.വനപാലകരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയും തേടി. മനഃപൂര്‍വമല്ലാത്ത നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റം ആരോപിച്ച് വനപാലകര്‍ക്കെതിരെ കേസ് നിലവിലുണ്ട്.
ഇവര്‍ സസ്പെന്‍ഷനിലുമാണ്. വനത്തില്‍ അതിക്രമിച്ചുകയറിയെന്നാരോപിച്ചാണ് വനപാലകസംഘം മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. മത്തായിയുമായി സംഘം വനത്തിനുള്ളില്‍# നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനപാലകര്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച കാമറ തകര്‍ത്തുവെന്ന കുറ്റമാണ് മത്തായിയ്ക്കുേേമല് ആരോപിക്കപ്പെട്ടത്.
ഇതിന്റെ ഭാഗമാി തെളിവെടുപ്പിനു കുടുംബവീടിനു സമീപത്തെത്തിച്ചതായും കണ്ടെത്തി. കുടുംബവീട്ടിലെ കിണറ്റിലാണ് പിന്നീട് മത്തായിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാമറയുടെ മെമ്മറി കാര്‍ഡ് പരിശോധനയ്ക്കിടെ മത്തായി കിണറ്റില്‍ വീണതാണെന്നും ചാടിയതാണെന്നുമൊക്കെ പ്രചാരണമുണ്ടായി.
കിണറ്റില്‍ അകപ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ വനപാലകസംഘം രക്ഷപെട്ടതും വിവാദമായി. ഇതൊരു കൊലപാതകമാണെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ സമരം തുടങ്ങിയത്. പിന്നീട് വിവിധ കര്‍ഷക സംഘടനകള്‍ സമരം ഏറ്റെടുത്തു. വീട്ടുപടിക്കല്‍ മത്തായിയുടെ ഭാര്യയും ബന്ധുക്കളും ആരംഭിച്ച സത്യഗ്രഹം അടക്കമുള്ള സമരങ്ങള്‍ക്കു വന്‍ പിന്തുണയാണ് ലഭിച്ചത്.
വനപാലകരെ കുറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിലൂടെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരും ഇതിനെ പിന്തുണച്ചു. പോലീസ് അന്വേഷണത്തില്‍ വനപാലകരെ പ്രതി ചേര്‍ക്കാന്‍തന്നെ വിമുഖത കാട്ടിയിരുന്നു.
വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമായിട്ടും യാതൊരു സഹായവും കുടുംബത്തിന് നല്കാന് അധികൃതര്‍ തയാറായിട്ടുമില്ല. ഭാര്യ ഷീബാമോള്, മക്കളായ ഡോണ, സോണ എന്നീ കുട്ടികളും മത്തായിയുടെ മരണത്തോടെ അനാഥരായി. കുടുംബവീടിന്റെ തണലിലാണ് അവരിന്നും കഴിയുന്നത്