പത്തനംതിട്ട: യുവകര്ഷകന് പി.പി. മത്തായി (പൊന്നു) വനപാലകരുടെ കസ്റ്റഡിയില് മരിച്ച സംഭവത്തില് വനംവകുപ്പിലെ കൂടുതല് ഉദ്യോഗസ്ഥര്ക്കതെിരെ വകുപ്പുതല നടപടിക്കു സിബിഐ ശിപാര്ശ.
മത്തായിയെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന്റെ ഭാഗമായി അപകടകരമായ സാഹചര്യത്തില് എത്തിക്കുകയും തുടര്ന്നു മരണപ്പെടുകയും ചെയ്തുവെന്ന കുറ്റപത്രം സിബിഐ സമര്പ്പിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ശിപാര്ശ ചെയ്തു വനംവകുപ്പിലേക്ക് കത്തു നല്കിയിരിക്കുന്നത്.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതി ചേര്ക്കപ്പെട്ട ഏഴുപേര്ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകും. കൂടാതെ വ്യാജരേഖ ചമച്ചതും തെളിവ് നശിപ്പിക്കാന് കൂട്ടുനി്ന്നതുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേര്ക്കെതിരെ കൂടി നടപടിക്കു ശിപാര്ശയുണ്ട്.
മത്തായിയുടേത് അനധികൃത കസ്റ്റഡിയെന്ന് കുറ്റപത്രത്തില് സിബിഐ വ്യക്തമാക്കുന്ന സാഹചര്യത്തില് വകുപ്പുതല നടപടികളില് നിന്നൊഴിയാന് ഉദ്യോഗസ്ഥര്ക്കു ബുദ്ധിമുട്ടാകും.
ചിറ്റാറില് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന എ.കെ. രാജേഷ്കുമാര്, സെക്ഷന് ഫോറസ്റ്റ് ഓഫീസര്മാരായ ജോസ് വില്സണ്, വില്യം ഡിക്രൂസ്, ഫോറസ്റ്റ് ഓഫീസര്മാരായ അനില് കുമാര്, സന്തോഷ്, ലക്ഷ്മി എന്നിവരും വാച്ചറായ അരുണും കേസില് പ്രതികളാണ്.
ഇവര്ക്കെതിരെ കുറ്റപത്രത്തിലെ പരാമര്ശത്തിന്റെ അടിസ്ഥാനത്തില് വകുപ്പുതല നടപടികള് ശിപാര്ശ ചെയ്തു.പ്രതിപ്പട്ടികയിലെ ഇവരില് ചിലരെ നേരത്തെ സസ്പെന്ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് സര്വീസില് തിരികെ പ്രവേശിപ്പിച്ചിരുന്നു.
വടശേരിക്കര റേഞ്ച് ഓഫീസറായിരുന്ന വേണുകുമാര്, ഫോറസ്റ്റ് ഓഫീസറായിരുന്ന ബീന ബാബു എന്നിവര്ക്കെതിരെ തെളിവു നശിപ്പിക്കല്, വ്യാജരേഖ ചമയ്ക്കല് എന്നീ സംഭവങ്ങളില് നടപടി വേണമെന്നാണ് സിബിഐയുടെ ശിപാര്ശ. കേസില് പ്രതിയായ വില്യം ഡിക്രൂസിനെതിരെയും വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട പരാമര്ശമുണ്ട്.
മത്തായിയെ കിണറ്റില് വീണു മരിച്ചശേഷമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് വനപാലകര് രേഖകള് നിര്മിക്കാന് ശ്രമിച്ചിട്ടുള്ളതെന്ന് അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്.
വനാതിര്ത്തിയിലെ കാമറ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ കസ്റ്റഡിയിലെടുത്തുവെന്നാണ് വനപാലകരുടെ വിശദീകരണമെങ്കിലും ഇതു സംബന്ധമായ രേഖകളൊന്നും വനപാലകരുടെ പക്കലുണ്ടായിരുന്നില്ല. കാമറ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില് അതുമായി ബന്ധപ്പെട്ട പോലീസില് പരാതി നല്കേണ്ടതായിരുന്നുവെങ്കിലു അതുണ്ടായിട്ടില്ല.
മത്തായി മരിച്ചതിനേ തുടര്ന്ന് സ്ഥലത്തുനിന്നു രക്ഷപെട്ട വനപാലകര് സ്റ്റേഷനിലെത്തിയശേഷം രേഖകള് കൃത്രിമമായി സൃഷ്ടിക്കാന് ശ്രമിച്ചതായി കണ്ടെത്തിയതോടെയാണ് മത്തായിയെ അനധികൃതമായി കസ്റ്റഡിയിലെടുത്തതാണെന്നു വ്യക്തമായത്.