പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് മത്തായിയുടെ മരണം നടന്നിട്ട് പത്തുദിവസം ആയപ്പോഴും നടപടികളിലെ കാലതാമസത്തിനെതിരെ വന്‍ പ്രതിഷേധം.
മത്തായിയുടെ മൃതദേഹം ഇതേവരെയും സംസ്കരിക്കാനുമായിട്ടില്ല. വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച സംഭവത്തില്‍ കുറ്റക്കാരായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭാര്യയും ബന്ധുക്കളും.
പ്രത്യേകസംഘങ്ങളെ നിയോഗിച്ച് പോലീസും വനംവകുപ്പും നടത്തുന്ന അന്വേഷണങ്ങള്‍ ഇതേവരെയും എങ്ങുമെത്തിയിട്ടുമില്ല. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതു മാത്രമാണ് വനംവകുപ്പ് നടപടിയെങ്കില്‍, അസ്വാഭാവിക മരണത്തിനെടുത്ത കേസ് മാത്രമാണ് പോലീസ് നടപടി.
മത്തായിയുടെ മരണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും കുടുംബത്തിനു നീതി ഉറപ്പാക്കാനുമായി വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളും ശക്തമാകുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു വൈകുന്നേരം അരീയ്ക്കക്കാവില് മത്തായിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
തുടര്‍ന്ന് ചിറ്റാറില്‍ കോണ്‍ഗ്രസ് നടത്തുന്ന റിലേ സത്യഗ്രഹത്തിലും അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് പടിക്കലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം റാന്നി ഡിഎഫ് ഓഫീസ് പടിക്കലും മൂന്നുദിവസമായി റിലേ സത്യഗ്രഹം നടത്തിവരികയാണ്.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാമുദായിക, സാമൂഹിക പ്രവര്‍ത്തകരും മത്തായിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. മത്തായിയുടെ മൃതദേഹം അടിയന്തരമായി സംസ്കരിക്കാന്‍ നടപടി വേണമെന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ആവശ്യം.
മൃതദേഹം സംസ്കരിക്കാന്‍ വൈകുന്നത് അനാദരവാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.സി.ജോര്‍ജ് എംഎല്‍എ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്കി.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് വിട്ടുകിട്ടിയ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയാണ്.