പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ യുവകർഷകൻ മത്തായിയുടെ മരണം നടന്നിട്ട് പത്തുദിവസം കഴിഞ്ഞിട്ടും പ്രാഥമികാന്വേഷണംപോലും പൂർത്തിയാക്കാനാകാത്തത് വനപാലകരുടെ നിസഹകരണം മൂലമെന്ന് പോലീസ്.
എന്നാൽ സംഭവത്തിൽ കുറ്റാരോപിതരായവരുടെ സഹകരണം ലഭിക്കില്ലെന്നറിയാമായിരുന്നിട്ടും നടപടികൾ വലിച്ചുനീട്ടാൻ ഇരുവിഭാഗങ്ങളും ശ്രമിക്കുകയാണെന്ന ആക്ഷേപവും ഉയർന്നു.
മരിച്ച മത്തായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ് കണ്ടെത്താനുള്ള ശ്രമമാണ് ഇന്നലെയും പോലീസ് തുടർന്നത്. മത്തായിയെ കസ്റ്റഡിയിലെടുക്കുന്പോൾ രണ്ട് ഫോണുകളും കൈവശം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങളുടെ മൊഴിയിൽ പറയുന്നു.
ഒരു ഫോണിൽ നിന്ന് 28നു വൈകുന്നേരം 5.51ന് ഭാര്യയെ മത്തായി വിളിച്ചിട്ടുണ്ട്. 34 സെക്കൻഡാണ് സംസാരിച്ചത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണെന്നാണ് ഇതിൽ പറയുന്നത്. പിന്നീട് ഈ ഫോണ് സ്വിച്ച് ഓഫ് ആകുകയായിരുന്നു. മൊബൈൽ ഫോണ് ലഭിച്ചാൽ നിർണായക തെളിവുകൾ ലഭിച്ചേക്കുമെന്ന് പോലീസ് അന്വേഷണസംഘം പറയുന്നു.
മത്തായിക്കൊപ്പമുണ്ടായിരുന്നതായി പറയുന്ന മറ്റ് രണ്ടു പേരെയും കണ്ടെത്തി ചോദ്യം ചെയ്തിട്ടില്ല. വനപാലകർക്കൊപ്പമുണ്ടായിരുന്ന അരുണിന്റെ മൊഴിയിലെ വൈരുദ്ധ്യത്തെ സംബന്ധിച്ചും തുടർ അന്വേഷണമുണ്ടായില്ല.
വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച സംഭവത്തിൽ കുറ്റക്കാരായവരെ നിയമത്തിനു മുന്പിൽ കൊണ്ടുവരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഭാര്യയും ബന്ധുക്കളും ഉറച്ചുനിൽക്കുന്പോഴും ഇടപെടലുകൾക്ക് സർക്കാരോ ജില്ലാ ഭരണകൂടമോ തയാറായിട്ടില്ല.
മത്തായിയുടെ മരണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും കുടുംബത്തിനു നീതി ഉറപ്പാക്കാനുമായി വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളും തുടരുകയാണ്.
ഇന്നലെ മത്തായിയുടെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു മുഖ്യമന്ത്രിക്കു കത്തു നൽകും. വനംമന്ത്രിയെ നേരിൽകണ്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
10 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പോലീസ് മടികാട്ടുന്നത് അനീതിയെന്ന് പി.സി. ജോർജ് എംഎൽഎ. 48 മണിക്കൂറിനുള്ളിൽ പോലീസ് നടപടി സ്വീകരിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യുവാൻ തയാറായില്ലെങ്കിൽ കൊല്ലപ്പെട്ട മത്തായിയുടെ കുടുംബാംഗങ്ങളോടൊപ്പം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്പിൽ സത്യഗ്രഹം ആരംഭിക്കുമെന്നും പി.സി. ജോർജ് അറിയിച്ചു.