പത്തനംതിട്ട: ചിറ്റാറിലെ യുവകര്ഷകന് പി.പി. മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകിപ്പിക്കുന്നതിലൂടെ എല്‍ഡിഎഫ് പ്രതിരോധത്തില്‍. മരണം നടന്ന് 18 ദിവസം പിന്നിടുമ്പോഴും മൃതദേഹം സംസ്കരിക്കാതെ കുടുംബം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്.
പ്രതിപക്ഷകക്ഷികളും വിവിധ കര്‍ഷക സംഘടനകളും പ്രദേശവാസികളും പ്രക്ഷോഭരംഗത്തിറങ്ങിക്കഴിഞ്ഞു.കുറ്റാരോപിതരായ വനപാലകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തുടക്കത്തില്‍ ഉറപ്പു നല്‍കിയിരുന്ന എല്‍ഡിഎഫ് ജനപ്രതിനിധികള്‍ അടക്കം ഇപ്പോള്‍ കടുത്ത പ്രതിരോധത്തിലാണ്.
മത്തായി വനപാലകരുടെ കസ്റ്റഡിയിലാണ് മരിച്ചതെന്നു വ്യക്തമാകുമ്പോഴും സ്വാഭാവികമായി നടത്തേണ്ട നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് കേസെടുക്കുന്നതു നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ഭരണകക്ഷിയുടേതെന്നാണ് ഇപ്പോഴത്തെ ആരോപണം.
സിപിഐയുടെ നിയന്ത്രണത്തിലാണ് വനംവകുപ്പ്. പാര്‍ട്ടി അനുഭാവ സംഘടനയില്‍പ്പെട്ടവരാണ് മത്തായിയെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍. വനപാലകരുടെ സംഘടന ശക്തമായി നടപടിക്കെതിരെ രംഗത്തുണ്ട്. വനംമന്ത്രിയെയും ഇവര്‍ കാര്യങ്ങള്‍ ധരിപ്പിച്ചു.
മത്തായി ആത്മഹത്യ ചെയ്തതാണെന്നും നടപടി വേണ്ടെന്നും മന്ത്രി നിലപാട് അറിയിച്ചതും പത്തനംതിട്ടയിലെത്തിയ മന്ത്രി മത്തായിയുടെ വീട് സന്ദര്‍ശിക്കില്ലെന്നും സംസ്കാരം നടത്തേണ്ടത് കുടുംബത്തിന്റെ ചുമതലയാണെന്നുമൊക്കെ പ്രതികരിച്ചതും ഇതിന്റെ ഭാഗമാണ്.
ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി കെ. രാജു നടത്തിയ പ്രതികരണത്തിനെതിരെ സിപിഎമ്മില്‍ അടക്കം അമര്‍ഷം പുകയുകയാണ്.സിപിഎം, ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് കക്ഷികള്‍ വനംവകുപ്പ്് നിലപാടിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകട്ടെയെന്ന നിലപാടാണ് ഇപ്പോള്‍ വനംമന്ത്രിയും ജില്ലാ നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്. വനംവകുപ്പില്‍ നിന്നുള്ള സമ്മര്‍ദമാണ് പോലീസ് നടപടികളും വൈകിപ്പിച്ചത്. കസ്റ്റഡിയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ 24 മണിക്കൂറിനുള്ള കേസ് എടുക്കും.
എന്നാല്‍ ചിറ്റാറിലേത് കസ്്റ്റഡി മരണമാണോയെന്ന തരത്തില്‍ പോലും പോലീസില്‍ നിന്നു പ്രതികരണം വന്നത് രാഷ്ട്രീയ സമ്മര്‍ദത്തേ തുടര്‍ന്നാണ്.കേസ് ഏറ്റെടുത്ത ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പി ആദ്യ രണ്ടുദിവസം നല്ലനിലയില്‍ അന്വേഷണം നടത്തി
മുന്നോട്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിനു മേല്‍ മൂക്കുകയര്‍ വീണതെന്നു പറയുന്നു. ഇന്നലെ ഹൈക്കോടതിയില്‍ നിന്നു പരാമര്‍ശം കൂടി വന്നതോടെ ഇനി ഏതെങ്കിലും തരത്തില്‍ കേസെടുത്ത് തടിയൂരുക മാത്രമേ പോലീസിനും നിര്‍വാഹമുള്ളൂ.