പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച യുവകര്ഷകന് പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടിക തയാറാക്കുന്നതിലും അറസ്റ്റിലും പോലീസ് കാലതാമസം വനംവകുപ്പിന്റെ സമ്മര്‍ദത്തിലെന്ന് സൂചന.
മത്തായിയുടെ മരണം നടന്നിട്ട് നാളെ മൂന്നാഴ്ച പിന്നിടുമ്പോഴും നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. വനപാലകര്‍ക്കെതിരേ നരഹത്യ, നിരതദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞദിവസം പോലീസ് അന്വേഷണസംഘം റാന്നി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
21ന് കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വീണ്ടും വരുമെന്നതിനാല്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താനുള്ള ശ്രമമാണ് പോലീസ് ആരംഭിച്ചത്. എന്നാല്‍ ഇതിനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദം ശക്തമാണ്. ചിറ്റാര്‍ വിഷയത്തില്‍ വനപാലകര്‍ക്കെതിരേ കേസെടുക്കരുതെന്ന ആവശ്യവുമായി വിവിധ വനപാലകസംഘടനകള് ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കേസിലെ പ്രതികളെ കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഉള്പ്പെട്ടയാളുകളുടെ പേരുവിവരം വനംവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും കൈമാറിയിരുന്നില്ലത്രേ. മത്തായിയെ കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായതോടെ രണ്ട് ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇവരുള്‍പ്പെടെ അഞ്ചുപേരെ നേരത്തെ സ്ഥലംമാറ്റുകയും ചെയ്തതാണ്. പ്രതികളുടെ പേരുവിവരം ചേര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് തയാറാക്കി നല്കിയാല് അതിലുള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കെതിരെയും സിവില്‍ സര്‍വീസ് നിയമപ്രകാരം നടപടിയെടുക്കേണ്ടിവരും.
പോലീസ് റിപ്പോര്‍ട്ട് വൈകുന്തോറും കുറ്റാരോപിതര്‍ക്കു നേട്ടമാണ്. മുന്‍കൂര്‍ ജാമ്യത്തിനടക്കം ഇവര്‍ ശ്രമം തുടങ്ങിയതായാണ് സൂചന. ഇതിനിടെ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നീട്ടിക്കൊണ്ടുപോകുന്നതിനെതിരേ എല്‍ഡിഎഫ് ഘടകകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രശ്നം എത്രയുംവേഗം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള നീക്കവുമായി എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തി.കഴിഞ്ഞ 28നാണ് മത്തായിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുറ്റാരോപിതരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹം സംസ്കരിക്കുക പോലും ചെയ്യാതെ കുടുംബം കാത്തിരിക്കുകയാണ്.
മത്തായിയുടെ മരണം വിവിധ കര്‍ഷകസംഘടനകളും പ്രതിപക്ഷവും ഏറ്റെടുത്തതോടെ പ്രക്ഷോഭവും ശക്തമായി. ഇന്ന് കര്‍ഷകദിനാചരണം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷകക്ഷികളും കര്‍ഷക സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്.