പത്തനംതിട്ട: ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായി (പൊന്നു 41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ചിട്ട് ഇന്ന് 22 ദിവസം. കഴിഞ്ഞ ജൂലൈ 28നു വൈകുന്നേരം നാലോടെയാണ് മത്തായിയെ ചിറ്റാറിലെ വനപാലകര്‍ അരീയ്ക്കക്കാവിലെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്.
കുടപ്പന വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൂട്ടിക്കൊണ്ടുപോയതെന്നു പറയുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ മത്തായിയെ കൊണ്ടുപോകുകയും പിന്നീട്
രാത്രി എട്ടോടെ കുടപ്പനയിലെ കുടുംബവീടിനോടു ചേര്‍ന്ന കിണറ്റില്‍ മൃതദേഹം കാണപ്പെടുകയും ചെയ്ത സംഭവത്തിലാണ് ഇന്നും അന്വേഷണനടപടികള്‍ എവിടെയുമെത്താത്തത്.
രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന്
31ന് മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് കൈമാറിയതാണ്. അന്നു മുതല്‍ റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ് മൃതദേഹം.
മത്തായിയുടെ ഭാര്യ ഷീബ അന്ന് എടുത്ത തീരുമാനത്തിനാണ് ഇന്നിപ്പോള്‍ ജനപിന്തുണ ഏറിയിരിക്കുന്നത്. കര്‍ഷകനായ മത്തായിയെ എന്തിനു കസ്റ്റഡിയിലെടുത്തെന്നോ എങ്ങനെ മരിച്ചുവെന്നോ വ്യക്തമായിട്ടില്ല.
വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയ ഒരാള്‍ പിന്നീട് കിണറ്റില്‍ വീണു മരിച്ചെന്ന് വനപാലകര്‍ പറയുന്നു. കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ പോലും ശ്രമിക്കാതെ ഏഴംഗ വനപാലകസംഘം ഓടിയൊളിച്ചു.
സിബിഐ വരണമെന്ന് കുടുംബം
നിയമപരമായ വീഴ്ചകള്‍ പ്രഥമദൃഷ്ട്യാ വ്യക്തമായെങ്കിലും നടപടിക്രമങ്ങള്‍ വൈകിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയതിനേ തുടര്‍ന്നു മാത്രമാണ് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുന്നത്.
ഇതില്‍ നരഹത്യ, നിരതദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെ സംബന്ധിച്ചു വിശദീകരണമില്ല.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളെ കണ്ടെത്താനാകൂവെന്ന് പോലീസ് പറയുന്നു. വനം, പോലീസ് ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് കേസ് വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തം.
കേസ് 21 നു പരിഗണിക്കും
21നു കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കേ നടപടിക്രമങ്ങള്‍ പോലീസിനു വിശദീകരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ രണ്ടുദിവസത്തിനകം കേസില്‍ ചില തീരുമാനങ്ങളുണ്ടാകുമെന്നാണ് രാഷ്്ട്രീയ കേന്ദ്രങ്ങളും പറയുന്ന്.
പ്രശ്നം പരിഹരിക്കേണ്ടത് രാഷ്്ട്രീയ ആവശ്യവുമായി മാറിക്കഴിഞ്ഞു. പ്രശ്ന പരിഹാരത്തിനായി എംഎല്‍എമാര്‍ അടക്കം നേതാക്കള്‍ ശ്രമം തുടങ്ങി.
കുടുംബവുമായി പലതവണ ഇവര്‍ ചര്‍ച്ച നടത്തി. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു.