പത്തനംതിട്ട: ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ചിറ്റാറിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന ആര്. രാജേഷ് കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
മത്തായിയുടെ കേസില്‍ റാന്നി കോടതിയില്‍ പോലീസ് അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ പേരിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. നടപടികള്‍ പരമാവധി വൈകിപ്പിക്കാനുള്ള പോലീസ്, വനവകുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന് മത്തായിയുടെ കുടുംബം ആരോപിച്ചു.
മത്തായിയുടെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്യാതെ 23 ദിവസമായി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് കുടുംബം.
റാന്നി കോടതിയില്‍ അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടില്‍ വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.
ഉത്തരവാദികളായ വനപാലകര്‍ക്കെതിരെ നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ സംബന്ധിച്ച വിവരണം റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളായ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഒന്നാംപ്രതിയാകുമെന്ന സൂചനയെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഏഴംഗ വനപാലകസംഘമാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തേത്തുടര്‍ന്ന് ഇദ്ദേഹത്തെ സ്ഥലംമാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.
കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് മത്തായിയുടെ കുടുംബം നല്‍കിയിട്ടുള്ള ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേ ഇതുവരെയുള്ള അന്വേഷണ നടപടികള്‍ പോലീസ് കോടതിയെ അറിയിക്കേണ്ടതുണ്ട്.
അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തതിന്റെ പേരില്‍ ഹര്‍ജിയുടെ പ്രഥമ പരിഗണനയില്‍ തന്നെ ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ 10 വകുപ്പുകള്‍ കൂടി പുതുതായി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
കുറ്റാരോപിതരായ വനപാലകരെ കണ്ടെത്തി അറസ്റ്റ് തുടങ്ങിയ നടപടികളിലേക്കു പോകാനോ പോലീസ് തയാറായതുമില്ല. ഇതിനിടെയാണ് കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യതയുള്ളയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
ഇതു പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് നിലപാട് നിര്‍ണായകമാകും. മത്തായിയുടെ കുടുംബം നല്‍കിയിട്ടുള്ള ഹര്‍ജി കൂടി ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് എതിര്വാദങ്ങളുണ്ടാകുമെന്നാണ് സൂചന.
സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്ന നിര്‍ദേശം പോലീസും മുമ്പോട്ടുവച്ചിട്ടുള്ളതായി പറയുന്നു. പക്ഷേ ഇത് നേരിട്ട് കോടതിയെ അറിയിക്കാന്‍ പോലീസ് തയാറാകില്ല. കുടുംബമാകട്ടെ സിബിഐ അന്വേഷണ ഹര്‍ജി കോടതിയിലാണ ്നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനോ ഡിജിപിക്കോ കത്ത് നല്‍കിയിട്ടില്ല.