പത്തനംതിട്ട: ചിറ്റാര് കുടപ്പന പടിഞ്ഞാറെചരുവില് പി.പി. മത്തായി (പൊന്നു – 41) വനപാലകരുടെ കസ്റ്റഡിയില് മരിച്ച സംഭവത്തില് പോലീസ് അന്വേഷണം വീണ്ടും വലിച്ചുനീട്ടുന്നു.
ശാസ്ത്രീയമായ അടിസ്ഥാനത്തില് തെളിവുകള് കൂടുതല് ശേഖരിക്കേണ്ടിവരുന്നുണ്ടെന്ന് അന്വേഷണസംഘം. ഇതിനിടെ കേസില് മൂന്നാഴ്ചയായ അന്വേഷണം നടത്തിവന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി ആര്. പ്രദീപ് കുമാര് അവധിയില് പോയതിനേ തുടര്ന്ന് ഡിവൈഎസ്പി ആര്. സുധാകരന് പിള്ള അന്വേഷണം ഏറ്റെടുത്തു.
ക്രൈംബ്രാഞ്ച് ചുമതല സുധാകരന് പിള്ളയ്ക്കായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവര്ക്ക് കോവിഡ് ബാധിച്ചതിനേ തുടര്ന്ന് ക്വാറനന്റൈനീലായിരുന്നു.ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി നാളെ ഹൈക്കോടതിയില് ജില്ലാ പോലീസ് മേധാവി നല്കും.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നതെന്നും കേസില് കുറ്റാരോപിതരായ വനപാലകര്ക്കുള്ള നിയമസംരക്ഷണം കൂടി കണക്കിലെടുത്തു മാത്രമേ തുടര് നടപടികള് സ്വീകരിക്കാനാകൂവെന്നുമാണ് പോലീസ് പറയുന്നത്.
കേസില് നീതി ആവശ്യപ്പെട്ട് മത്തായിയുടെ കുടുംബം കഴിഞ്ഞ 23 ദിവസമായി മൃതദേഹം പോലും സംസ്കരിക്കാതെ കാത്തിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില് നല്കിയ ഹര്ജിയാണ് നാളെ പരിഗണിക്കുന്നത്.
കേസില് പ്രതി.യാകാന് സാധ്യത കല്പിക്കപ്പെടുന്ന ചിറ്റാറിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന ആര്. രാജേഷ് കുമാര് ഹൈക്കോടതിയില് നല്കിയ മുന്കൂര് ജാമ്യാപേക്ഷ 24നു പരിഗണിക്കും.
മത്തായിയെ കസ്റ്റഡിയിലെടുത്തത് ഏഴംഗ വനപാലകസംഘമാണ്. ഇതിനു നേതൃത്വം നല്കിയത് ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ്. സംഭവത്തേ തുടര്ന്ന് ഇദ്ദേഹത്തെ സ്ഥലംമാറ്റുകയും പിന്നീട് സസ്പെന്ഡ് ചെയ്യുകയുമായിരുന്നു.