പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി. മത്തായിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടാൻ ശിപാർശ. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചു. ശിപാർശ സംസ്ഥാന സർക്കാർ കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.
ഭാര്യയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരാനിരിക്കെയാണു സർക്കാർ നടപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മത്തായിയുടെ ഭാര്യ ഷീബമോൾ ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ മാസം 28നാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നീട് മരണ വിവരമാണു ബന്ധുക്കൾ അറിയുന്നത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘമാണു നിലവിൽ കേസന്വേഷിക്കുന്നത്. കേസിൽ ഇതുവരെ ആരെയെങ്കിലും പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വനപാലകരെ സസ്പെൻഡ് ചെയ്തിരുന്നു.
പി.പി.മത്തായിയെ കസ്റ്റഡിയിൽ എടുത്തതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവറ്റർ റിപ്പോർട്ട് നൽകിയിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുനൽകിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണു ബന്ധുക്കൾ.