പത്തനംതിട്ട: പ്രിയപ്പെട്ടവന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തിൽ ഷീബാമോൾ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുമാസം തികയാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം. മൃതദേഹവുമായുള്ള ഈ കാത്തിരിപ്പിനു നേരെ വിമർശനങ്ങൾ ഏറെ ഉയർന്നപ്പോഴും ഷീബാമോൾ പതറിയില്ല.
ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ – ഈ ഒരു അവസ്ഥ ഇനി മറ്റൊരാൾക്ക് ഉണ്ടാകരുത്, പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെ കണ്മുന്പിൽവച്ച് അവരുടെ പിതാവിനെ പിടിച്ചു കൊണ്ടുപോകുക, പെറ്റുവളർത്തിയ വയോധികയായ മാതാവിനെ തള്ളിമാറ്റുക….. പ്രിയപ്പെട്ടവന്റെ ജീവനു വിലയിട്ടവരെ അങ്ങനെയങ്ങു വെറുതെവിടില്ല.ഈ ഉറച്ച തീരുമാനത്തിനാണ് 28ന് ഒരുമാസം തികയുന്നത്.
അന്വേഷണം വഴിത്തിരിവിൽ
ചിറ്റാറിലെ യുവകർഷകൻ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇന്ന് നിർണായക വഴിത്തിരിവിലാണ്. മൃതദേഹം മോർച്ചറിയിൽ ഇരിക്കുന്പോൾ തന്നെ ഒരു കേസിൽ അന്വേഷണം തുടങ്ങാൻ കഴിയുകയെന്നത് സിബിഐയെ സംബന്ധിച്ച് ചരിത്ര സംഭവമാകും. മരിച്ച് 25 ാംദിവസമാണ് മത്തായിയുടെ കേസ് സിബിഐയ്ക്ക് കൈമാറി ഉത്തരവ് വന്നത്.
വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്ന് വ്യക്തമായപ്പോഴും അതിനെ മാറ്റിയെഴുതാനും അന്വേഷണം വൈകിപ്പിക്കാനും ലോക്കൽ പോലീസ് നടത്തിയ നീക്കങ്ങളിൽ മനംനൊന്താണ് ഭാര്യ ഷീബാമോൾ ഹൈക്കോടതിയിലെത്തിയത്.
സിബിഐ അന്വേഷണം എന്ന അവരുടെ ആവശ്യം സർക്കാരും പിന്തുണച്ചതോടെ കോടതി അനുകൂലമായ ഉത്തരവ് നൽകി. കോടതി ഉത്തരവ് വന്നതിനു പിന്നാലെ സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു.
റീ പോസ്റ്റ്മോർട്ടം
എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ മത്തായിയുടെ കുടുംബാംഗങ്ങളിൽ നിന്നു പ്രാഥമിക വിവരം തേടി. മൃതദേഹം റീ പോസ്റ്റുമോർട്ടം വേണ്ടിവന്നേക്കാമെന്ന സൂചനയും അന്വേഷണസംഘം നൽകി. ഇതു സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങൾക്കകം എടുത്ത് അറിയിക്കാമെന്നും പറഞ്ഞിരിക്കുകയാണ്.
ഇന്ന് കേസിന്റെ അന്വേഷണ വിവരങ്ങളും ജനറൽ ഡയറിയും സിബിഐ സംഘം ഒൗദ്യോഗികമായി ഏറ്റെടുത്തേക്കും. ഇതേത്തുടർന്ന് ചിറ്റാറിലെത്തി പ്രാഥമികാന്വേഷണം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പ്രാഥമികവിവര റിപ്പോർട്ടും പരിശോധിച്ചശേഷം വീണ്ടും ഇക്കാര്യത്തിൽ പ്രാഥമികതലം മുതൽ തന്നെ അന്വേഷണം നടത്താനാണ് തീരുമാനം.
കേസ് സിബിഐയ്ക്കു കൈമാറിയ സാഹചര്യത്തിൽ പോലീസ് ഇനി നടത്തുന്ന ഏതു നീക്കവും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ ജോണി കെ. ജോർജ് വ്യക്തമാക്കി.
മൊഴികളിൽ വൈരുദ്ധ്യം
വനപാലകസംഘത്തിലെ മൂന്നുപേർക്ക് മത്തായിയുടെ മരണവുമായി ബന്ധമില്ലെന്നു സ്ഥാപിക്കാനുള്ള ചില നീക്കങ്ങൾ നടക്കുന്നതായി കുടുംബം സംശയിക്കുന്നു.
ഏഴംഗ വനപാലകസംഘമാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ കുടപ്പനയിലെ കുടുംബവീടിനു സമീപം തെളിവെടുപ്പിനായി മത്തായിയെ കൊണ്ടുവരുന്പോൾ നാലുപേരായിരുന്ന ഒപ്പമുണ്ടായിരുന്നതെന്നാണ് പറയുന്നത്. മൂന്നുപേർ ജീപ്പിൽ തന്നെ ഇരിക്കുകയായിരുന്നുവത്രേ.
വനപാലകരുടെ മൊഴികളിലുണ്ടായ ചില വൈരുദ്ധ്യങ്ങളുടെ പേരിൽ സംഘത്തിലെ വനിതയായ ഉദ്യോഗസ്ഥയുടെ അടക്കം രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്താൻ പോലീസ് ചില നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ അതിനു കഴിയുന്നതിനു മുന്പാണ് കേസ് ഹൈക്കോടതിയിലെത്തിയത്.
സിബിഐയ്ക്കു കൈമാറി ഉത്തരവ് വേഗത്തിൽ നൽകുകയും ചെയ്തു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർ കേസ് ഡയറി അടക്കം കൈമാറിക്കഴിഞ്ഞിരിക്കുകയാണ്. ഇനി ഏതെങ്കിലും നടപടിക്രമങ്ങൾ നടത്താൻ പോലീസ് നീക്കമുണ്ടായാൽ നിയമപരമായി നേരിടാനാണ് കുടുംബം ആലോചിക്കുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു.