പത്തനംതിട്ട: മത്തായിയുടെ ദുരൂഹമരണത്തെത്തുടര്‍ന്ന് ഇപ്പോള്‍ വനംവകുപ്പ് തയാറാക്കിയിട്ടുള്ള മഹസര്‍ തങ്ങളുടെ ഭാഗം ന്യായീകരിച്ച് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. മത്തായിക്കെതിരെ ഇത്തരമൊരു കേസ് നിലവിലുണ്ടായിരുന്നില്ല.
കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കാനായി ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ ഭാര്യയും ഒപ്പമുണ്ടായിരുന്നവരും അന്വേഷിച്ചപ്പോഴും കേസിനെക്കുറിച്ച് അവിടെയുണ്ടായിരുന്നവര്‍ക്ക് അറിവുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തയാളെ രണ്ടു മണിക്കൂറോളം എവിടെ കൊണ്ടുപോയെന്നും വ്യക്തമല്ല.
കസ്റ്റഡിയിലെടുത്തയാളെ സംബന്ധിച്ച വിവരം ജനറല്‍ ഡയറിയില്‍ എഴുതിയിട്ടുമില്ല. കാമറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പോലീസില്‍ വനംവകുപ്പ് പരാതി നല്‍കിയിട്ടില്ല.
വനത്തില്‍ അനധികൃതമായി കൈയേറിയതിനു കേസെടുക്കാമെങ്കിലും കാമറ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിന്റെ തെളിവെടുപ്പു നടത്താന്‍ വനംവകുപ്പിന് അധികാരമില്ലെന്നും ബന്ധുക്കളും പ്രദേശവാസികളും ചൂണ്ടിക്കാട്ടി.
മത്തായിയെ മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടതും ഭാര്യയുടെ മൊഴിയിലുണ്ട്. ഇതു സംബന്ധിച്ച് എത്തിയ ഫോണ്‍ കോള്‍ പരിശോധിച്ചിട്ടില്ല. മത്തായിയെ മര്‍ദിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്നാണ് ഭാര്യയുടെ ആരോപണം.