പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിയിരുന്ന യുവകര്‍ഷകന്റെ മൃതദേഹം പിന്നീടു കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ പിഴവ് ഒഴിവാക്കി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തിരക്കിട്ട ശ്രമം.
വനംവകുപ്പിന്റെ നടപടിക്രമങ്ങളില്‍ പിഴവുണ്ടായെന്ന ആക്ഷേപം ഉയര്‍ന്നുവെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്ത കഴിഞ്ഞ 28-ാം തീയതി തന്നെ മഹസര്‍ തയാറായിരുന്നുവെന്ന വെളിപ്പെടുത്തല്‍.
കേസില്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മഹസര്‍ പരിശോധിക്കുകയും ചെയ്തു. മത്തായി വനത്തിനുള്ളില്‍ കടന്ന് മൃഗവേട്ട നടത്തിയെന്നും അതു കഴിഞ്ഞു മടങ്ങുന്ന വഴി തോക്കുമായി പോകുന്ന ദൃശ്യം വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞിരുന്നുവെന്നും
ഇതു മനസിലാക്കിയ മത്തായിയും മറ്റു രണ്ടുപേരും ചേര്‍ന്ന് കാമറ തകര്‍ത്ത് മെമ്മറി കാര്‍ഡ് പുറത്തെടുത്തു നശിപ്പിച്ചുവെന്നുമാണ് വനംവകുപ്പിന്റെ മഹസറിലെ വിശദീകരണം. തെളിവെടുപ്പിനിടെ കുടുംബവീടിനു സമീപമെത്തിച്ച മത്തായി മെമ്മറി കാര്‍ഡ് നശിപ്പിച്ച സ്ഥലം കാട്ടിക്കൊടുക്കാമെന്ന പേരില്‍ മുമ്പോട്ടു പോയി കിണറ്റിലേക്കു ചാടിയെന്നാണ് പറയുന്നത്.
മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതും പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തിയതും 28നാണ്. അതേ തീയതിയിലാണ് മഹസര്‍ തയാറാക്കിയിട്ടുള്ളത്. കാമറ തകര്‍ത്ത സംഭവത്തില്‍ മത്തായി, അഭിലാഷ്, അനൂപ് എന്നിവരാണ് പ്രതികള്‍.
മണിയാര്‍ ഭാഗത്തെ കടുവ സെന്‍സസിനായി സ്ഥാപിച്ച കാമറ ട്രാപ്പ് തകര്‍ത്തതായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് രഹസ്യവിവരം ലഭിച്ചത്. ഒരു കാമറ പൂര്‍ണമായി തകര്‍ത്ത് മെമ്മറി കാര്‍ഡ് ഊരിമാറ്റുകയും മറ്റൊന്നിന്റെ ചങ്ങലയും പൂട്ടും തകര്‍ക്കുകയും ചെയ്ത നിലയിലായിരുന്നു.
വിവരം കൈമാറിയത് അരുണ്‍ എന്നയാളാണ്. മത്തായിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അരുണിനെ വനപാലകര്‍ ഒപ്പംകൂട്ടിയിരുന്നു. അരുണിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് മത്തായിയെ അന്വേഷിച്ച് വീട്ടിലെത്തിയതെന്നു പറയുന്നു. മത്തായി കുറ്റം സമ്മതിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
മെമ്മറി കാര്‍ഡ് കുടുംബവീട്ടിലെ ഗ്യാസ് അടുപ്പില്‍ വച്ചു കത്തിച്ചതായും മൊഴി നല്കിയത്രേ. കാര്‍ഡിന്റെ അവശിഷ്ടങ്ങള്‍ കിണറിന്റെ സമീപമുണ്ടെന്നു പറഞ്ഞു നീങ്ങിയ മത്തായി അപ്രതീക്ഷിതമായി കിണറ്റിലേക്കു ചാടിയെന്നും രക്ഷപ്പെടുത്താനായി കപ്പിയിലുണ്ടായിരുന്ന കയര്‍ ഇട്ടുകൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉടന്‍തന്നെ ചിറ്റാര്‍ പോലീസിലും സീതത്തോട് ഫയര്‍ സ്റ്റേഷനിലും വിവരം വിവരം അറിയിച്ചതായും വനംവകുപ്പിന്റെ മഹസറിലുണ്ട്. സമയ ക്രമം വച്ചാണ് മഹസര്‍ തയാറാക്കിയിരിക്കുന്നത്.