പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി. മത്തായി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനപാലകർക്കെതിരെ നരഹത്യയ്ക്കു കേസ് ചുമത്തിയേക്കും.
ഐപിസി 304 വകുപ്പു പ്രകാരമുള്ള കുറ്റകൃത്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്താന്‍ കഴിയുന്നതെന്നാണ് പോലീസ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശമെന്നു പറയുന്നു. കസ്റ്റഡിയിലിരിക്കുന്നയാള് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് 306 വകുപ്പു കൂടി ചുമത്താന്‍ കഴിയുമോയെന്നതും പരിഗണിക്കുകയാണ്.
അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിക്കും. ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വനപാലകര്ക്കുണ്ടായ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും.
കൂടാതെ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറിയിലെ കുറിപ്പുകള്‍, തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇവ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മത്തായിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുമായി അന്വേഷണസംഘം ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആര്. പ്രദീപ് കുമാറാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
ശാരീരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മത്തായിയുടെ മരണകാരണം കൂടി കണ്ടെത്തി കേസിലെ പ്രാഥമികറിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
വനപാലകരെ പ്രതി ചേര്‍ത്തു കേസ് മുന്നോട്ടു പോകാമെന്നതാണ് പോലീസിനു ലഭിച്ചിട്ടുള്ള നിയമോപദേശം. മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകസംഘത്തിലെ ആറുപേരെയും പോലീസ് ചോദ്യം ചെയ്തു.
സംഘത്തിലുണ്ടായിരുന്ന വനിതാ ഗാര്‍ഡിനെ മാത്രമാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. നേരത്തെ ചോദ്യം ചെയ്തവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മത്തായിയുടെ സുഹൃത്ത് എന്ന പേരില്‍ വനംവകുപ്പ് അവതരിപ്പിച്ച അരുണ്‍ എന്നയാളിന്റെ പങ്കാളിത്തവും സംശയം ജനിപ്പിക്കുന്നതായി. ഇയാളുടെ മൊഴികളിലുടനീളം വൈരുധ്യങ്ങളുണ്ട്.
മത്തായിക്ക് ഇങ്ങനെയൊരു സുഹൃത്ത് ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അരുണിനെ ഉപയോഗിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ വനംവകുപ്പ് ശ്രമിച്ചുവെന്നാണ് ഉയരുന്ന ആരോപണം.