പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ യുവകര്‍ഷകനും വ്യവസായിയുമായ മത്തായി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്ത് പോലീസ്.
വനപാലകര്‍ക്കെതിരെ വ്യക്തമായ മൊഴി മരിച്ച മത്തായിയുടെ ഭാര്യ നല്‍കുകയും സാഹചര്യത്തെളിവുകള്‍ എതിരാകുകയും ചെയ്തിട്ടും ആര്‍ക്കുമെതിരെ കേസെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആകില്ലെന്ന നിലപാടിലാണ്് പോലീസ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരട്ടെയെന്നും വനംവകുപ്പ് നിലപാട് വ്യക്തമാകട്ടേയെന്നൊക്കെ പറഞ്ഞു പോലീസ് തടിത്തപ്പുകയാണ്. ഇന്നലെ പകല്‍ മുഴുവന്‍ നീണ്ട അന്വേഷണം, തെളിവെടുപ്പ്, ഉന്നത പോലീസ് സംഘത്തിന്റെ വിലയിരുത്തല്‍ ഇവയ്ക്കെല്ലാം ശേഷം ഒരു എഫ്ഐആര്‍ ഇട്ടതല്ലാതെ മറ്റൊരു അന്വേഷണവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
എഫ്ഐആറിലാകട്ടെ അസ്വാഭാവിക മരണം എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ കുറിച്ച് സൂചനയില്ല. ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് കിണറ്റില്‍ മൃതദേഹം കിടക്കുന്നുവെന്ന വിവരം ചിറ്റാര്‍ പോലീസിന് ലഭിച്ചതാണ്. ഉടന്‍ തന്നെ എസ്ഐ അടക്കമുള്ളവര്‍ സ്ഥലത്ത് വന്നു.
പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചത് കാരണം ഇന്‍സ്പെക്ടര്‍ അടക്കം ക്വാറന്റൈനില്‍ ആയതിനാല്‍ ചിറ്റാറില്‍ ഇപ്പോള്‍ അംഗബലം കുറവാണ്. എസ്എച്ച്ഒയുടെ ചുമതല എസ്ഐക്കാണ്. സ്ഥലത്തു വന്ന എസഐ നാട്ടുകാരോട് തട്ടിക്കയറുകയാണ് ചെയ്തത്.
ഒരു തീരുമാനം ഉണ്ടാകാതെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. പോലീസിനാകട്ടെ എത്രയും വേഗം മൃതദേഹം കരയ്ക്ക് കയറ്റാനുള്ള വ്യഗ്രതയും. ഇതു കാരണമാണ് ഗുരുതരമായ വീഴ്ച പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.
മരിച്ച തോമസിന്റെ ഭാര്യ ഷീബ പോലീസിന് നല്കിയ മൊഴിയില്‍ വനപാലകര്‍ അരുണ്‍ എന്നയാളുടെ ഫോണില്‍ നിന്ന് വിളിച്ച് 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പറയുന്നുണ്ട്. അതിന്റെ റെക്കോഡിങ്ങും അവരുടെ കൈവശമുണ്ട്. അത് വാങ്ങാനോ അതേപ്പറ്റി അന്വേഷിക്കാനോ പോലീസ് തയാറായില്ല.
വനപാലകര്‍ കസ്റ്റഡിയിലെടുത്ത പ്രതിയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആ സ്ഥിതിക്ക് ബന്ധപ്പെട്ട ഫോറസ്റ്റ് ഓഫീസില്‍ ചെന്ന് ഇതു സംബന്ധിച്ച രേഖകള്‍ ഉണ്ടെങ്കില്‍ അത് പോലീസ് പിടിച്ചെടുക്കേണ്ടിയിരുന്നു. അതും ഉണ്ടായില്ല.
അഭിഭാഷകര്‍ അടക്കമുള്ളവര്‍ ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് ഈ ആവശ്യം പോലീസിനോട് ഉന്നയിച്ചിരുന്നു. അത് ചെയ്തിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു, കേസ് നേരത്തേ ഉണ്ടായിരുന്നു എന്നിങ്ങനെയുള്ള വ്യാജരേഖ വേണമെങ്കില്‍ ഈ സമയം കൊണ്ട് ഫോറസ്റ്റുകാര്‍ക്ക് ചമയ്ക്കാം.
വനപാലകര്‍ക്ക് രക്ഷപെടാനായി നിയമപരമായ കരുനീക്കങ്ങള്‍ നടത്താന്‍ പോലീസ് സഹായം ചെയ്തു കൊടുത്തുവെന്നാണ് ആക്ഷേപം. അതേ സമയം, നടപടി ക്രമങ്ങള്‍ മറി കടന്നാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ആരോപണം.
ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ മത്തായിക്കെതിരേ ഒരു കേസും അയാളെ കസ്റ്റഡിയില്‍ എടുക്കും വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പറയുന്നു. പോലീസ് ഇന്നലെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും ഇങ്ങനെ ഒരു കേസുള്ളതായി വിവരം കിട്ടിയിട്ടില്ല.
വനത്തിനുള്ളിലെ നിരീക്ഷണ കാമറ തകര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് കേസെടുക്കേണ്ടത് പോലീസാണ്. അതിനായി വനപാലകര്‍ പോലീസില്‍ പരാതി നല്‍കണം. ഇന്നലെ രാവിലെവരെ ഇത്തരമൊരു പരാതിയെക്കുറിച്ച് പോലീസിനും അറിവുണ്ടായിരുന്നില്ല.
കാമറയുടെ മെമ്മറി കാര്‍ഡ് എടുക്കാന്‍ എന്ന പേരിലാണ് മത്തായിയെ കുടപ്പനയിലെ ഫാം ഹൗസിലേക്ക് കൊണ്ടു പോയത്. ഇതൊക്കെ പോലീസ് ചെയ്യേണ്ട പണികളാണ്. വനത്തില്‍ അതിക്രമിച്ചു കയറി എന്ന കുറ്റത്തിന് വനപാലകര്‍ക്ക് കേസെടുക്കാനാകും.
എന്നാല്‍ മത്തായിയുടെ പേരില്‍ ഇത്തരമൊരു കേസെടുത്തതായും അറിവില്ല. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ഡിവൈഎസ്പിമാരായ കെ. സജീവ്, ആര്. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി.