പത്തനംതിട്ട: ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്യാതെ നീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന ഒരു യുവതിയുടെ പ്രതീക്ഷകൾ ഇനി ഹൈക്കോടതിയിൽ. ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നു – 41) വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചിട്ട് ഇന്നലെ 14 ദിവസം പൂർത്തിയായി.
പോലീസിൽ നിന്നും വനപാലകരിൽ നിന്നും ഇതേവരെ അനുകൂലമായ നടപടിയുണ്ടാകാതിരുന്നതോടെ കുടുംബം ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സിബിഐ കേസെടുക്കണമെന്നതാണ് പ്രധാന ആവശ്യം. ഇന്ന് കോടതി കേസ് പരിഗണിച്ചേക്കും.
അന്വേഷണത്തെ സംബന്ധിച്ച വിവരങ്ങൾ ഇതോടെ സർക്കാർ കോടതിക്കു കൈമാറേണ്ടിവരും. ഇതിലൂടെയുണ്ടാകാമെന്നു കരുതുന്ന ഇടപെടലുകളിലാണ് കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ. മത്തായിയുടെ ഭാര്യ ഷീബാമോളാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ജൂലൈ 28നു വൈകുന്നേരം നാലിന് മത്തായിയെ അരീയ്ക്കക്കാവിലെ താമസസ്ഥലത്തുനിന്ന് ഏഴംഗ വനപാലകസംഘം പിടിച്ചിറക്കി ക്കൊണ്ടുപോകുന്നതിന് ദൃക്സാക്ഷികളാണ് ഭാര്യ ഷീബയും മാതാവും. ഇവരുടെ കണ്മുന്പിൽ നിന്ന് മത്തായിയെ കൂട്ടിക്കൊണ്ടുപോയപ്പോൾ ചിറ്റാറിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്. എന്നാൽ മത്തായിയെ സ്റ്റേഷനിലെത്തിച്ചില്ല.
രാത്രി എട്ടോടെ കുടപ്പനയിലെ കുടുംബവീടിനു സമീപത്തെ കിണറ്റിൽ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാലു മണിക്കൂറോളം വനപാലകരുടെ കസ്റ്റഡിയിൽ ഇരുന്നയാളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാഴ്ച പിന്നിടുന്പോഴും അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്ത് അന്വേഷണം മുന്നോട്ടുപോകുകയാണ്.
മത്തായി മരിച്ചതിന്റെ മൂന്നാംദിവസം മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് കൈമാറിയതാണ്. എന്നാൽ കിണറ്റിൽ വീണു മുങ്ങിമരിച്ചതെന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നു. ഇതംഗീകരിക്കില്ലെന്ന് ഉറച്ചാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
രണ്ടാഴ്ച പിന്നിടുന്പോൾ വനം, പോലീസ് വകുപ്പുകൾ കാട്ടുന്ന നിസംഗതയാണ് ഇന്നിപ്പോൾ നീതിനിഷേധത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനംവകുപ്പിന്റെ ശക്തമായ പിന്തുണ മത്തായിയെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കുണ്ട്. രാഷ്ട്രീയമായ പിൻബലമാണ് ഇതിനു പ്രധാന കാരണം.
മത്തായിയുടെ വീട് സന്ദർശിക്കില്ലെന്നും അന്വേഷണത്തിനുശേഷം നടപടിയെന്നും മന്ത്രി കെ. രാജു വ്യക്തമാക്കിക്കഴിഞ്ഞു. മൃതദേഹം സംസ്കരിക്കണമെന്നാവശ്യവുമായി ഇതിനിടെ ജില്ലാ കളക്ടർ കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളോടു കുടുംബം പൂർണമായി വിയോജിച്ചു.