പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി (പൊന്നു – 41)യുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തും.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു കുടുംബം 38 ദിവസം കാത്തുസൂക്ഷിച്ച മൃതദേഹമാണ് നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. മറവു ചെയ്യാതെ സൂക്ഷിച്ചുവച്ച ഒരു മൃതദേഹം അന്വേഷണത്തിന്റെ ഭാഗമായി ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതു സിബിഐയുടെ ചരിത്രത്തിലും ഇദംപ്രഥമമാകും.
നാളെ രാവിലെ ഒമ്പതിന് റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റെടുത്ത് സിബിഐ സംഘം ഇന്‍ക്വസ്റ്റ് തയാറാക്കും. മജിസ്ട്രേറ്റിന്റെ സാന്നിധ്യം നടപടിക്രമങ്ങളില്‍ ഉറപ്പാക്കാന്‍ ശ്രമം നടക്കുന്നത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം. ഇതിനായി പ്രത്യേക ഓട്ടോപ്സി കേന്ദ്രം തയാറാക്കും. ഫോറന്‍സിക് സര്ജന്മാര് അടക്കം വിദഗ്ധ ഡോക്ടര്‍മാരുടെ മൂന്നംഗ പാനലിനെ പോസ്റ്റുമോര്‍ട്ടത്തിനായി സിബിഐ സംഘം ചുമതലപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ശനിയാഴ്ച രാവിലെ ഒമ്പതിന് മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുക്കുന്ന മൃതദേഹം അരീയ്ക്കക്കാവിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനും ശുശ്രൂഷകള്‍ക്കും ശേഷം 3.30 ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.