കോതമംഗലം: ശിഖരം മുറിക്കുന്നതിനിടെ ബോധക്ഷയമുണ്ടായി മരത്തിൽ കുടുങ്ങിയ മരംവെട്ടുതൊഴിലാളിയെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുട്ടമ്പുഴ മോളേക്കുടി മത്തായി (52) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ കുട്ടമ്പുഴ കുന്നാംപുറത്ത് ബിനുവിന്റെ പുരയിടത്തിലെ പ്ലാവിന്റെ ശിഖരം മുറിക്കാന്‍ കയറിയതായിരുന്നു. പണിക്കിടെ മത്തായിക്ക് തളര്‍ച്ച അനുഭവപ്പെട്ടു. മരത്തില്‍നിന്നു താഴെവീഴുമെന്ന് തോന്നിയ മത്തായി കൈവശമുണ്ടായിരുന്ന കയര്‍കൊണ്ട് സ്വയം മരത്തില്‍ ബന്ധിച്ചു.
അധികംകഴിയുംമുമ്പേ ബോധഷയവുമുണ്ടായി. താഴെയുണ്ടായിരുന്ന ബിനു നാട്ടുകാരെ വിളിച്ചുകൂട്ടി. സമീപവാസിയായ ചെത്തുതൊഴിലാളി രാജു മരത്തിന് മുകളില്‍ കയറി മത്തായിയെ താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. പിന്നീട് കോതമംഗലത്തുനിന്നു ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി.അപ്പോഴേക്കും ഒരുമണിക്കൂറോളം പിന്നിട്ടിരുന്നു.
ഫയര്‍ഫോഴ്സ് അംഗങ്ങൾ മരത്തിൽ കയറി മത്തായിയെ വലയില്കെട്ടിയാണു താഴേയിറക്കിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. അനൂപ് തുളസിയും സ്ഥലത്തെത്തിയിരുന്നു. താഴെയിറക്കിയ ഉടൻ കൃത്രിമ ശ്വാസോഛാസം നല്കി. ഒട്ടും വൈകിക്കാതെ മത്തായിയേയും കയറ്റി ആംബുലന്‍സ് ആശുപത്രിയിലേക്ക് പാഞ്ഞു. കോതമംഗലം ധര്‍മഗിരി ആശുപത്രിയിലെത്തിച്ച മത്തായി സുഖംപ്രാപിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഫയര്സ്റ്റേഷന് ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍, ടി.കെ.എല്‍ദോ, വി.കെ. സുരേഷ്, കെ.എ. ഷംസുദ്ദീന്, സിദ്ധിക് ഇസ്മായില്‍, എം. രാഹുല്‍, പി.എ. നിഷാദ്, പി.എന്‍. അനൂപ്, ഇ.എന്‍. ദിവാകരന് എന്നിവരാണ് ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്. മരത്തില്‍നിന്നു താഴെ വീഴാതിരിക്കാന്‍ മത്തായി തന്നെ ശരീരം ബന്ധിച്ച് മുന്‍കരുതലെടുത്തതും ഡോ.അനൂപിന്റെ സാന്നിധ്യവും ഫയര്‍ഫോഴ്സുകാരുടെ വേഗത്തിലുള്ള സേവനവും മത്തായിക്കു രക്ഷയായി.