പത്തനംതിട്ട: നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയമായ ചിറ്റാറിലെ പി.പി. മത്തായിയുടെ സംസ്കാരം ഇന്ന്. മരിച്ചതിന്റെ 40-ാം ദിനത്തിലാണ് സംസ്കാരം.
ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച യുവകര്‍ഷകന്റെ മൃതദേഹം സൂക്ഷിച്ചുവച്ച് കുടുംബം നടത്തിയ പോരാട്ടത്തിലൂടെയാണ് സംഭവം ശ്രദ്ധേയമായത്.
മൃതദേഹം ഇന്നു രാവിലെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്തപ്പോള്‍ സ്ഥലത്തെത്തിയ ഭാര്യ ഷീബയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു.
പ്രാര്‍ഥനയ്ക്കുശേഷം വിലാപയാത്രയായി മൃതദേഹം അരീക്കക്കാവിലെ വീട്ടിലേക്കു കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് 3.30ന് കുടപ്പനക്കുളം സെന്റ്് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.
ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പത്തനംതിട്ട മുതല്‍ മത്തായിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തുന്നുണ്ട്. ആശുപത്രിയില്‍ നടന്ന പ്രാര്‍ഥനയ്ക്ക് ബസലേല്‍ റമ്പാന്, ബര്‍സ്കീപ്പാ റമ്പാന് എന്നിവര്‍ നേതൃത്വം നല്കി. വീണാ ജോര്‍ജ് എംഎല്‍എ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
കഴിഞ്ഞ ജൂലൈ 28 നാണ് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ചത്. കസ്റ്റഡി മരണമായിട്ടും കുറ്റാരോപിതരെ സംരക്ഷിച്ചുനിര്‍ത്തുന്ന വനം, പോലീസ് വകുപ്പുകളുടെ നിലപാടിനെതിരെ മത്തായിയുടെ ഭാര്യ ഷീബാമോളും കുടുംബാംഗങ്ങളും ശക്തമായി രംഗത്തെത്തിയതോടെ പോരാട്ടത്തിന് ജനപിന്തുണയും ലഭിച്ചു.
സിബിഐ അന്വേഷണത്തിന് ഓഗസ്റ്റ് 21ന് ഹൈക്കോടതി ഉത്തരവായതിനു പിന്നാലെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സാധ്യതയും തെളിഞ്ഞു. ഇതിന് അവസരം നല്കാന് വേണ്ടി വീണ്ടും 14 ദിവസംകൂടി അവര്‍ കാത്തിരുന്നു.
ഇന്നലെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചതോടെയാണ് ഇന്ന് മൃതദേഹം സംസ്കരിക്കുന്നത്. സിബിഐയുടെ അന്വേഷണ ചരിത്രത്തില്‍ സൂക്ഷിച്ചുവച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനാകുന്നതും അപൂര്‍വ സംഭവമാണ്.