കടുത്തുരുത്തി: നാല് സെന്റ് ഭൂമിയിൽ ചാക്കും പടുതയും ഷീറ്റും മറച്ചുണ്ടാക്കിയ കൂര. വിടവ് നികത്താൻ കൈലിമുണ്ട് ഉൾപ്പെടെയുള്ള പഴയതുണികൾ. വാതിന് പകരം ഫ്ളെക്സ് ബോർഡുപയോഗിച്ചുള്ള മറ. ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ ഞീഴൂർ പഞ്ചായത്തിൽ ഒരു കുടുംബം താമസിക്കുന്ന സാഹചര്യമാണിത്. ശക്തിയായി കാറ്റോ മഴയോ ഉണ്ടായാൽ കൂരയപ്പാടെ പറന്നു പോകുമെന്ന ഭീതിയിൽ വലിയ മരക്കന്പിൽ ഷെഡ് കെട്ടി വച്ചാണ് കുടുംബം കഴിയുന്നത്. പഞ്ചായത്തിലെ നാലാം വാർഡ് വടക്കേനിരപ്പ് കണക്കഞ്ചേരി കോളിനിയിൽ താമസിക്കുന്ന കണ്ടംകാവുങ്കൽ കെ.ഒ. മത്തായിയുടെ കുടുംബമാണ് കൂരയിലെ താമസക്കാർ.
മത്തായിയും ഭാര്യ ഷേർലിയും രണ്ട് പെണ്മക്കളുമാണ് നാളുകളായി കൂരയിൽ കഴിയുന്നത്. ചാറ്റൽ മഴ പെയ്താൽ പോലും വീടിനുള്ളിൽ വെള്ളം വീഴുന്നതിനാൽ മഴക്കാറ് കാണുന്പോൾ തന്നെ മത്തായിയുടെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ചെന്നിരിക്കും. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളില്ലെന്നതും കുടുംബത്തിന്റെ ദുരിതം വർദ്ധിപ്പിക്കുന്നു.
ടാപ്പിംഗ് തൊഴിലാളിയാണ് മത്തായി. പലപ്പോഴും പണിയില്ലാത്തതിനാൽ വീട് കഴിയുന്നത് ഏറെ പണിപ്പെട്ടാണ്. ഭർത്താവിന് ജോലിയില്ലാത്ത സമയങ്ങളിൽ ഷേർലി മൈക്കാട് പണിക്ക് പോയി കിട്ടുന്ന കൂലിയാണ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. ആസ്മയുടെ പ്രശ്നങ്ങളുള്ളതിനാൽ ജോലിക്കു പോകുന്നത് ഷേർലിക്കും ഭീഷണിയാണ്.
മറ്റൊരാളുടെ നാല് സെന്റ് സ്ഥലത്താണ് ഇവർ താമസിക്കുന്നത്. ഇവരുടെ താമസസ്ഥലത്തിന് സമീപമായി സ്വന്തമായി നാല് സെന്റ് ഭൂമി ഇവരുടെ പേരിലുണ്ടെങ്കിലും ഇവിടെ വീട് വയ്ക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് മത്തായി പറയുന്നു.
വീട് ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും സഹായങ്ങൾ ലഭിച്ചിട്ടില്ല.എന്നാൽ മത്തായി താമസിക്കുന്ന ഭൂമി മറ്റൊരാൾക്ക് പട്ടയം ലഭിച്ച സ്ഥലത്താണെന്നും ഇവിടെ വീട് വയ്ക്കാൻ സഹായം നൽകാൻ കഴിയില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് എൻ.മണിലാൽ പറയുന്നത്.എന്നാൽ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തി ഈ കുടുംബത്തിന് ചെറിയൊരു വീട് വച്ചു നൽകാൻ അധികൃതർ ശ്രമിച്ചാൽ നടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.