പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളത്ത് കർഷകനായ മത്തായിയുടെ കസ്റ്റഡി മരണത്തിനുത്തരവാദികളായ വനപാലകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീപാർട്ടികളും കർഷകസംഘടനകളും ആരംഭിച്ചിട്ടുള്ള സമരം ശക്തമാകുന്നു.
മത്തായിയുടെ വീട്ടുപടിക്കൽ കട്ടച്ചിറ, കുടപ്പന ദേശസമിതി പ്രവർത്തകർ ഇന്നു മുതൽ ഷെഡ് കെട്ടി സമരം തുടങ്ങുകയാണ്. മത്തായി മരിച്ചിട്ട് 12 ദിവസം കഴിഞ്ഞിട്ടും സംസ്കാരം പോലും നടത്താതെ കാത്തിരിക്കുന്ന കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഭരണകൂടം കാട്ടുന്ന അനാസ്ഥയാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
സംസ്കാരം നടത്തണമെന്ന നിർദേശവുമായി സർക്കാർ നിർദേശപ്രകാരം ഇന്നലെ ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത ചർച്ചയിലും തീരുമാനമായില്ല. അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്ന സൂചന പോലീസ് നൽകിയതോടെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ വിവിധ സംഘടനകൾ തീരുമാനിക്കുകയായിരുന്നു.
സ്വതന്ത്ര കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് 10 മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് എന്നിവർ അറിയിച്ചു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കണ്‍വീനർ ജോയി കണ്ണഞ്ചിറയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാരസമരത്തിന് തുടക്കം കുറിക്കുന്നത്. അനിശ്ചിതകാല നിരാഹാര സമരത്തിൽ മത്തായിയുടെ കുടുംബാംഗങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കുചേരും.
തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിലെ 14 ജില്ലകളിലും കർഷകസംഘടനകൾ പ്രതിഷേധം വ്യാപിപ്പിക്കും. പി.സി. ജോർജ് എംഎൽഎ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്പിൽ സത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തിനകം തീരുമാനമുണ്ടാകണമെന്നാണ് പി.സി. ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിൽ ചിറ്റാറിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം റാന്നിയിലും റിലേ സത്യഗ്രഹം തുടരുകയാണ്.
ഇതിനിടെ കേസിൽ വനംവകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ദക്ഷിണമേഖല കണ്‍സർവേറ്റർ സഞ്ജിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മത്തായിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
ഇതാദ്യമായാണ് വനപാലകരുടെ സംഘം വീട്ടിലെത്തുന്നത്. അന്വേഷണം നീതി പൂർവമാകാത്ത സാഹചര്യത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.