പത്തനംതിട്ട: മലയോരത്തേക്ക് ഇന്നലെ ജനപ്രവാഹമായിരുന്നു. ചിറ്റാറിലെ യുവകര്ഷകന് പി.പി. മത്തായിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 39 ദിവസമായി പോരാട്ടഭൂമിയിലായിരുന്നവര് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു തന്നെ ഇന്നലെ അരീയ്ക്കക്കാവിലും കുടപ്പനയിലുമായി എത്തി.
കോവിഡ് മുന്നറിയിപ്പു കള്‍ കൂടെക്കൂടെ ഉച്ചഭാഷിണിയില്‍ നിന്നു മുഴങ്ങിക്കൊണ്ടിരുന്നതിനാല്‍ സാമൂഹികമായ അകലം ഒക്കെ സ്വയം പാലിക്കാന്‍ പലരും ശ്രദ്ധിക്കുകയും ചെയ്തു.
രാവിലെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നു മൃതദേഹം പുറത്തെടുക്കുമ്പോള്‍ തന്നെ നിരവധിയാളുകള്‍ എത്തിയിരുന്നു. വീണാ ജോര്‍ജ് എംഎല്‍എ, ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ്, കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് തുടങ്ങിയവര്‍ മോര്‍ച്ചറിയിലെത്തി. ബസലേല്‍ റമ്പാന്, ബര്‍സ്കീപ്പാ റമ്പാന് എന്നിവരുടെ പ്രാര്ഥനയ്ക്കുശേഷമായിരുന്നു വിലാപയാത്ര.
നിരവധി വാഹനങ്ങള്‍ അകമ്പടിയായി. മലയോര മേഖലയില്‍ ആംബുലന്‍സ് സര്‍വീസുകള്‍ നടത്തിയിരുന്ന മത്തായിയുടെ അന്ത്യയാത്രയില്‍ അകമ്പടിയായി ആംബുലന്‍സുകളും നിരന്നു.
മൈലപ്ര, കുമ്പളാംപൊയ്ക, വടശേരിക്കര, പേഴുംപാറ തുടങ്ങിയ ജംഗ്ഷനുകളില്‍ ആളുകള്‍ കാത്തുനിന്ന് അന്തിമോപചാരം അര്‍പ്പിച്ചു.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, പി.സി. ജോര്‍ജ്, രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാര്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്, ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ്, മുന്‍ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മലയോര കര്‍ഷകരക്ഷാസമിതി നേതാവ് ജോയി കണ്ണന്‍ചിറ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ജോസഫ് എം.പുതുശേരി, പ്രഫ.ഡി.കെ. ജോണ്‍, കുഞ്ഞുകോശി പോള്‍, ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, വര്‍ഗീസ് പേരയില്‍, എം.എസ്. രാജേന്ദ്രന്, പഴകുളം മധു, ഷോണ്‍ ജോര്‍ജ്, ലിജു ജോര്‍ജ്, എ. സുരേഷ് കുമാര്‍, റിങ്കു ചെറിയാന്, ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോര്‍ജ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ.റോയി പി.തോമസ്, ഫാ.ചെറിയാന് ടി. സാമുവേല്‍, റെജി മൈലപ്ര തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.