പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് മത്തായി (പൊന്നു)യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാതെ സംസ്കാരം നടത്തില്ലെന്ന് ഭാര്യ ഷീബയും ബന്ധുക്കളും.
വനപാലകരാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളെന്നും തനിക്കു നീതി കിട്ടണമെന്നും ഷീബ പത്രസമ്മേളനത്തില്‍ പറഞ്ഞു. താനും രണ്ടുകുട്ടികളും അടക്കം ഒമ്പതംഗ കുടുംബമാണ് ഇപ്പോള്‍ അനാഥമായിരിക്കുന്നതെന്ന് ഷീബ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിയുടെ മൃതദേഹം കുടപ്പനയില്‍ ഇവരുടെ കുടുംബവീടിനു സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്. അന്നു വൈകുന്നേരം ഭാര്യയുടെയും മാതാവിന്റെയും കണ്മുമ്പില്നിന്നാണ് ഏഴംഗ വനപാലകസംഘം മത്തായിയെ കസ്റ്റഡിയിലെടുത്തത്.
വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. എന്നാല്‍ നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും വനപാലകരുടെ നടപടികള്‍ ദുരൂഹത നിറഞ്ഞതാണെന്നും കുടുംബത്തിന്റെ അഭിഭാഷകന് ജോണി കെ. ജോര്‍ജ് പറഞ്ഞു.
മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. കിണറ്റില്‍ വീണ് വെള്ളത്തില്‍ മുങ്ങിമരിച്ചുവെന്ന രീതിയില്‍ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയാണുണ്ടായത്. മൃതദേഹം ഏറ്റെടുത്ത ബന്ധുക്കള്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയില്‍ വച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം മുങ്ങിമരണമാണെന്ന് അംഗീകരിച്ച് സംസ്കാരം നടത്തില്ലെന്ന് ഭാര്യ വ്യക്തമാക്കി. ഇതിനു പിന്നിലെ ദുരൂഹത മാറണം. മത്തായിയുടെ മരണം അംഗീകരിക്കാന്‍ ഇപ്പോഴും തങ്ങള്‍ക്കാകില്ലെന്ന് ഷീബ പറഞ്ഞു.
ഏഴ് വനപാലകര്‍ക്ക് സ്ഥലംമാറ്റം
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവകര്ഷകന് മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വടശേരിക്കര റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ വനംവകുപ്പ് സ്ഥലം മാറ്റി.
ഭരണപരമായ നടപടികളുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവില്‍ പറയുന്നത്.