പത്തനംതിട്ട: ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച യുവകര്ഷകന് പി.പി. മത്തായിയുടെ മൃതദേഹം സിബിഐ സംഘം ബന്ധുക്കളില്‍ നിന്ന് ഏറ്റെടുത്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.
ആദ്യ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കഴിഞ്ഞ 38 ദിവസമായി റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്നു രാവിലെ പത്തനംതിട്ടയിലെത്തി. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് എത്തിയിട്ടുള്ളത്.
ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയ സംഘം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് റാന്നിയിലേക്കെത്തിയത്. മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്ത മൃതദേഹം സിബിഐ സംഘം രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടത്തിനായി ഏറ്റെടുത്ത് പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മറവു ചെയ്യാതെമോര്ച്ചറിയില് സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് അന്വേഷണം ആരംഭിക്കുന്നതും സിബിഐയുടെ ചരിത്രത്തില്‍ അപൂര്‍വവുമാണ്. എഡിഎം അലക്സ് പി.തോമസിന്റെ സാന്നിധ്യത്തില്‍ റീ ഇന്‍ക്വസ്റ്റ് നടപടികളാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആദ്യം നടന്നത്.
ബന്ധുക്കളില്‍ ചിലരും കുടുംബത്തിന്റെ അഭിഭാഷകനും ഇതില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരായ മൂന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. മത്തായിയുടെ മൃതദേഹം നാളെ സംസ്കരിക്കും. 38 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹമാണ് നാളെ സംസ്കരിക്കുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് അപൂര്‍വ സംഭവമാണ്.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ കഴിഞ്ഞ ജൂലൈ 28നു വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം പിന്നീട് കിണറ്റില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ വനപാലകരുടെ നടപടികള്‍ ദുരൂഹത നിറഞ്ഞതായിരുന്നു. ജിഡി റജിസ്റ്ററില്‍ കൃത്രിമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
വനംവകുപ്പ് ജീവനക്കാരെ സ്ഥലം മാറ്റിയതൊഴിച്ചാല്‍ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. പിന്നീടു രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വനപാലകര്‍ക്കെതിരെ പോലീസ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തതുമില്ല. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചുനില്‍ക്കുകയുമായിരുന്നു.
പോലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് കണ്ടാണ് കുടുംബം സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ഇതിനെ പിന്തുണച്ചു.
മത്തായിയുടെ കുടുംബത്തോടു സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും അവഹേളനപരമായ സമീപനം തുടരുകയാണെന്ന് കേരള കോണ്‍ഗ്രസ് -ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ വിക്ടര്‍ ടി.തോമസ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.