രാജകുമാരി: വില കേട്ട് ആരും ഞെട്ടണ്ട. ഇടുക്കി ചെമ്മണ്ണാറിൽ നടത്തിയ ഓണാഘോഷത്തിലെ ജനകീയ ലേലത്തിൽ അഞ്ചു കിലോ തൂക്കമുള്ള ഒരു മത്തങ്ങയ്ക്ക് ലഭിച്ചത് 47000 രൂപ.
സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന് കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മലയോരത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ മത്തങ്ങ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്.
100 രൂപയ്ക്കാണ് ലേലം തുടങ്ങിയത്. ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തിൽ പങ്കെടുക്കാൻ തടിച്ചുകൂടിയ ആളുകളിൽ ലേലം ഒരു ഹരമായി മാറുകയായിരുന്നു.
ഒടുവിൽ ആരോ സൗജന്യമായി സംഘാടകർക്ക് നൽകിയ മത്തങ്ങ ലോകത്തിലെ ഏറ്റവും കൂടിയ വിലയ്ക്കു വിറ്റുപോയി.
നൂറുകണക്കിന് ആളുകൾ ലേലത്തിൽ പങ്കെടുത്തു. വിളിത്തുക നൽകിയാണ് ലേലം നടത്തുന്നത്. ഓണാഘോഷത്തിന്റെ ചെലവ് കണ്ടെത്താൻ സമ്മാന കൂപ്പണും സംഭാവന പിരിവുമായി നടന്ന സംഘാടകരും ഇതോടെ ഹാപ്പിയായി.