ആലക്കോട്: കോവിഡ്കാലത്ത് കുട്ടികൾക്ക് കഴിഞ്ഞ ഒരു വർഷമായി പഠന അനുഭവങ്ങളും സ്കൂൾ അനുഭവങ്ങളും ഇല്ലാതിരിക്കുമ്പോൾ ഇതിനെയൊന്നും വകവയ്ക്കാതെ തങ്ങളുടെ കഴിവുകളെ സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുകയാണ് മാത്തനും പോത്തനും.
പേരുകേൾക്കുമ്പോൾ ഒന്ന് ഞെട്ടിക്കാണും. മാത്തനും പോത്തനും എന്നുള്ളത് ഇവരുടെ യൂട്യൂബിലെ പരിപാടിയുടെ പേരാണ്.
വായാട്ടുപറമ്പ് കവലയിലെ പൊങ്ങൻപാറ മനോജ്-ജോൾസ ദമ്പതികളുടെ മക്കളായ ജെസ്വിൻ(13), ജോസ്വിൻ (ഒന്പത്) എന്നിവരാണ് മാത്തനും പോത്തനും എന്ന ആശയവുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്.
സമൂഹത്തിന് ഉപകാരപ്പെടുന്ന കൊച്ചുകൊച്ചു വീഡിയോകൾ എടുത്ത് യൂട്യൂബിൽ “math ans tiny trips ” എന്ന ലിങ്ക് ആരംഭിച്ച് പോസ്റ്റ് ചെയ്തു.
ഇതിനോടകം ആയിരക്കണക്കിന് ലൈക്കുകൾ നേടി ക്കഴിഞ്ഞു. കുട്ടികൾ തന്നെയാണ് വീഡിയോ എടുക്കുന്നതും അപ്ലോഡ് ചെയ്യുന്നതും എല്ലാം.
ചേട്ടായിമാർക്ക് സഹായത്തിനായി കുഞ്ഞനുജത്തി ജുവലിൻ (നാല്) ഒപ്പമുണ്ട്. മൂന്നുപേരും കൂടി പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ നിരവധിയാണ്. ആശയങ്ങൾ പരിചയപ്പെടുത്തുന്നതും ശബ്ദം നൽകുന്നതും കുട്ടികൾ തന്നെയാണ്.
കൊറോണയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, ഒടുവള്ളിയിലെ സൂര്യോദയം, കൂവേരി കടവ് തൂക്കുപാലം, പേപ്പർ കാർ നിർമാണം, മന്നായം പുഴയെ പരിചയപ്പെടുത്തൽ, വാഴയിലയിൽ പച്ച കുരുമുളകിട്ടു പൊളിച്ചെടുത്ത ആവോലി പ്രിപ്പറേഷൻ, ഓവൻ ഇല്ലാതെ എങ്ങനെ കേക്ക് ഉണ്ടാക്കാം, കുട്ടികൾക്കായുള്ള ബോർഡ് നിർമാണം, ഗാർഡൻ പരിചരണം തുടങ്ങി നിരവധിയായ കുട്ടികൾക്കും വലിയവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് ഇവർ ചെയ്യുന്നത്.
കണ്ണിയൻചാൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ മനോജും വായാട്ടുപറമ്പ് സെന്റ് ജോസഫ് യുപി സ്കൂൾ അധ്യാപികയായ ജോൾസയും ഇവർക്കാവശ്യമായ നിർദേശങ്ങൾ നൽകുന്നു.
കൊറോണക്കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് മൊബൈൽ ഫോണിലും ടിവിയുടെയും മുമ്പിൽ സമയം ചിലവഴിക്കുമ്പോൾ ആണ് വേറിട്ട മാതൃകയായി മാത്തനും പോത്തനും മാറുന്നത്.
മാത്തൻ ആൻഡ് പോത്തൻ എന്നുള്ള പേരും കണ്ടെത്തിയത് കുട്ടികൾ തന്നെ. ഈ പേരും പെട്ടെന്നുതന്നെ ജനങ്ങളിൽ ശ്രദ്ധനേടി. ജെസ്വിനും ജോസ്വിനും വായാട്ടുപറമ്പ് സെന്റ് ജോസഫ് യുപി സ്കൂൾ വിദ്യാർഥികളാണ്.