പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലായിരുന്ന അരീക്കക്കാവ് സ്വദേശി മത്തായി കുടപ്പനയിലെ കുടുംബവീടിനോടു ചേർന്ന കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.
ചിറ്റാർ പോലീസ് നടത്തിവന്ന അന്വേഷണം ഇന്നലെ മുതൽ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി ആർ. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല.
മത്തായിയുടെ മരണത്തെ സംബന്ധിച്ച് ശരിയായ വിവരം കിട്ടണമെങ്കിൽ വനപാലകരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം. അതിന് പക്ഷേ, പോലീസ് തയാറായിട്ടില്ല.
മരിക്കുന്നതിന് ഏതാനും മിനിട്ടു മുന്‍പും മത്തായി ഭാര്യ ഷീബയോടും ഒപ്പമുണ്ടായിരുന്നവരോടും അരുണ്‍ എന്നയാളുടെ ഫോണ്‍ മുഖേനെ സംസാരിച്ചിരുന്നു.
വനപാലകർക്കൊപ്പമുണ്ടായിരുന്നതായി പറയുന്ന അരുണ്‍ വനംവകുപ്പ് ജീവനക്കാരനല്ല. കോട്ടപ്പാറ സ്വദേശിയായ ഇയാളുടെ ഫോണിൽ നിന്നു വിളിച്ചാണ് മത്തായിയെ വിട്ടയ്ക്കാൻ പണം ആവശ്യപ്പെട്ടത്. കാമറ തകർത്ത സംഭവത്തിൽ അരുണിനും പങ്കുണ്ടായിരുന്നെന്നാണ് വനപാലകർ പറയുന്നത്.
അരുണിനെ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. മത്തായിയെ ജാമ്യത്തിലിറക്കാൻ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്കു വരാൻ ഭാര്യയോടു വനപാലകർ പറഞ്ഞിരുന്നു.
ഇതനുസരിച്ച് രണ്ട് ആൾജാമ്യവും പണവുമായി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയപ്പോൾ ഇത്തരമൊരു കേസിനെക്കുറിച്ച് ആളെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചോ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് അറിവുണ്ടായിരുന്നില്ല.
ഭാര്യയും ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളും സമീപവാസിയും ചിറ്റാറിൽ നിൽക്കുന്പോൾ തന്നെയാണ് കുടുംബവീടിനു സമീപം അനിഷ്ട സംഭവങ്ങളുണ്ടായെന്ന വിവരം ലഭിക്കുന്നത്.
ചിറ്റാറിലേക്കു കൊണ്ടുപോയ മത്തായിയെ വീണ്ടും കുടുംബവീടായ കുടപ്പനയ്ക്കു സമീപം എത്തിച്ചതായി പറയുന്നുണ്ട്. കാമറയുടെ മെമ്മറി കാർഡ് വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും പറയുന്നു.
അതിന് ശേഷം എന്താണ് നടന്നതെന്ന് ആരും പറയുന്നില്ല. പോലീസ് ചോദിക്കുന്നുമില്ല. വനപാലകർ സ്വയം പറയുന്നുമില്ല. റാന്നി ഡിഎഫ്ഒ വനപാലകരെ ന്യായീകരിച്ച് മത്തായി കിണറ്റിലേക്ക് ചാടിയതായി പറയുന്നുണ്ട്.
എന്നാൽ മത്തായിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണത്തിൽ ഭാര്യയും ബന്ധുക്കളും ഉറച്ചുനിൽക്കുകയാണ്. ശക്തമായ ആഘാതമേൽപിച്ചെങ്കിൽ മാത്രമേ സംഭവസ്ഥലത്തെ കിണറ്റിലേക്ക് ഒരാൾ വീഴുകയുള്ളൂവെന്ന് പ്രദേശവാസികളും പറയുന്നു. കിണറിനു മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റ് നിരത്തിയിരുന്നു.
റിംഗ് ഇറക്കിയ കിണറ്റിലേക്കുള്ള വീഴ്ചയുടെ ആഘാതത്തിൽ ശിരസിലുണ്ടായ ആഘാതം മരണത്തിന് ഇടയാക്കിയേക്കാം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് മരിച്ചത് എങ്ങനെയെന്ന് മാത്രമേ അറിയാൻ കഴിയൂ. അതിനുശേഷം അന്വേഷണമാകാമെന്ന നിഗമനത്തിലാണ് പോലീസ്.