ആലപ്പുഴ: വീട് നിർമാണത്തിനായി മത്സ്യത്തൊഴിലാളിക്ക് പണം നൽകിയെന്ന് ഫിഷറീസ് വകുപ്പ്. തനിക്ക് പണം ലഭിച്ചില്ലെന്ന് മത്സ്യതൊഴിലാളി.
വീടില്ലാത്ത ഇദ്ദേഹം നവജാത ഇരട്ടക്കുട്ടികളുമായി കഴിയുന്നത് ഒറ്റമുറിയിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പായൽക്കുളങ്ങര തൈപ്പറമ്പ് വീട്ടിൽ മുരുകദാസാണ് ദുരിതജീവിതത്തിൽ കഴിയുന്നത്.
2015 ലാണ് ഇദ്ദേഹത്തിന് ഫിഷറീസിൽ നിന്ന് വീടു നിർമാണത്തിന് 4 ലക്ഷം രൂപ അനുവദിച്ചത്.
ഇതിൽ അമ്പതിനായിരം രൂപ ആദ്യ ഗഡുവായി ലഭിച്ചു.ഇതിനിടയിൽ ഭാര്യ രേഖക്ക് ക്യാൻസർ ബാധിച്ചതോടെ ഈ തുക ചികിത്സക്കായി ചെലവഴിച്ചു.
പിന്നീട് പലരിൽ നിന്ന് കടം വാങ്ങി തന്റെ 5 സെന്റ് സ്ഥലത്ത് ഫൗണ്ടേഷൻ നിർമിച്ചു.അടുത്ത ഗഡു പണത്തിനായി ചെന്നപ്പോഴാണ് ഇദ്ദേഹത്തിന് 75,000 രൂപ നൽകിയതായി ഫിഷറീസ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് ബാങ്ക് സ്റ്റേറ്റ് മെന്റ് ഉൾപ്പെടെയുള്ള രേഖകൾ കാട്ടി മുരുകദാസ് അധികൃതരെ അറിയിച്ചു.എങ്കിലും പണം ലഭിച്ചിട്ടില്ല.
മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം ഭാര്യക്ക് സുഖമില്ലാതെ വന്നതോടെ ജോലിക്ക് പോകാൻ കഴിയാതെ വന്നതിനാൽ ചെറിയ സ്റ്റേഷനറി കട നടത്തിയാണ് ജീവിക്കുന്നത്.വീടില്ലാത്തതിനാൽ കടയുടെ മുകളിൽ മുറി നിർമിച്ച് ഇതിലാണ് താമസം.
വർഷങ്ങൾക്കു ശേഷം ഇരട്ടക്കുട്ടികൾ ജനിച്ചതിന്റെ ആഹ്ലാദമുണ്ടെങ്കിലും ഈ ഒറ്റ മുറിയിൽ ഇവരുമായി കഴിയേണ്ടതിന്റെ ദു:ഖത്തിലാണ് മുരുകദാസ്