വെച്ചൂച്ചിറ: വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന രണ്ടുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികള്‍ അറസ്റ്റില്‍.
മധ്യപ്രദേശ് ദിന്‍ഡോറി മോഹതാരാ വീട്ടു നമ്പര്‍ 75-ല്‍, നങ്കുസിങ് (27), മധ്യപ്രദേശ് പിന്‍ഡ്രഖി പാഖ്ട്ടല ഖര്‍ഗഹന വാര്‍ഡ് നമ്പര്‍ 16-ല്‍ സോണിയ ദുര്‍വേ (27) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.
അന്വേഷണം
കൊല്ലമുള വെണ്‍കുറിഞ്ഞിയില്‍ ഇന്നലെ രാവിലെ പത്തിനാണ് സംഭവം. കുട്ടിയുടെ വീട്ടില്‍ മാതാവും മുത്തച്ഛനും മുത്തശിയുമാണുള്ളത്. അച്ഛന് വിദേശത്താണ്.
കുട്ടി വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരിക്കുമ്പോള്‍ മാതാവ് അടുക്കളപ്പണിയിലായിരുന്നു.
വീട്ടുമുറ്റത്ത് അനക്കം കേള്‍ക്കാതെയിരുന്നപ്പോള്‍ സംശയം തോന്നിയ അമ്മയും മുത്തശിയും പരിസരമാകെ തെരഞ്ഞുവെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
സൈക്കിള്‍, വീടിനുമുന്നിലെ റോഡില്‍ മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ബഹളം വച്ച് ഇരുവരും കുട്ടിയെ അന്വേഷിച്ച് പാഞ്ഞു.
നാടോടികൾ
വീട്ടില്‍ നിന്നും 150 മീറ്റര്‍ മാറി രണ്ടുപേര്‍ കുട്ടിയുടെ കൈയില്‍ പിടിച്ചു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംശയം തോന്നി നാടോടികളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
വീട്ടുമുറ്റത്ത് അതിക്രമിച്ചകയറിയ നാടോടികള്‍ ഭിക്ഷാടനത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ തട്ടിക്കൊണ്ടുപോയതാണോ എന്നുതുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അതിക്രമിച്ചുകടക്കലിനും തട്ടിക്കൊണ്ടുപോകലിനും പുറമെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്ത് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനും,
ഇവര്‍ക്കൊപ്പം വേറെയും അംഗങ്ങള്‍ ഉണ്ടോ എന്നതും മറ്റും വിശദമായി അന്വേഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.