കൊച്ചി: ട്രോളിംഗിനുശേഷം കടലിൽ പോയവർക്ക് കൈനിറയെ ചാള കിട്ടിയതോടെ വില കുറയുന്നു. മലയാളികൾ ഏറ്റവുമധികം കഴിക്കുന്ന മീനിന്റെ ലഭ്യത കുറേ നാളായി നന്നേ കുറഞ്ഞിരുന്നു. എന്നാൽ എല്ലാ ആശങ്കകളും പരിഹരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞദിവസങ്ങളിലെ ചാകര.
ജില്ലയിൽ കിലോയ്ക്ക് 170-200 രൂപയാണ് ചാളയുടെ വില. ഒരാഴ്ച മമ്പ് വരെ 300-320 രൂപയ്ക്ക് മുകളിലായിരുന്നു നിരക്ക്. മത്തിക്ക് പുറമെ നത്തോലിയും വൻതോതിൽ ലഭിക്കുന്നുണ്ട്.
എന്നാൽ കിളിമീൻ, കണവ എന്നിവ നന്നേ കുറവാണ്. അതിനാൽ ഇവയുടെ വിലയിൽ കുറവ് വന്നിട്ടില്ല. വരുംദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ കടലിൽ പോകുന്നതോടെ വില വീണ്ടും കുറഞ്ഞേക്കും.
കോവിഡ് മൂലം കയറ്റുമതി കുറഞ്ഞതും വില കുറയുന്നതിലേക്ക് നയിക്കും. കൂടുതൽ മീൻ ലഭിക്കുന്നതോടെ പ്രാദേശിക വിപണിയിൽ നല്ലരീതിയിൽ വിലകുറഞ്ഞേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.