അമ്പലപ്പുഴ: 37 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവം പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഒരിക്കൽ കൂടി ഓർക്കാൻ ശ്രമിക്കുകയാണ്… ഇന്നത്തെ ബ്രദർ ആൽബിൻ അന്ന് വെട്ടും കുത്തും ഗുണ്ടായിസവും തൊഴിലാക്കി നടന്ന ഇറച്ചി ആൽബിനായിരുന്നു.
സിനിമയുടെ തിരക്കഥയെ വെല്ലുന്ന ആ കഥ മാത്യു ആൽബിൻ പറയുന്നു:
അബുദാബിയിൽ ജോലി നോക്കിയിരുന്ന സുകുമാരക്കുറുപ്പ് നാട്ടിൽ വന്നതിനുശേഷം വണ്ടാനം മെഡിക്കൽ കോളജിന് കിഴക്കുവശമായിരുന്നു താമസിച്ചിരുന്നത്. നാട്ടിൽ വളരെ മാന്യൻ. തെരുവ് ഗുണ്ടയായി കൊണ്ടും കൊടുത്തും പോലീസിനും നാട്ടുകാർക്കും ഭീഷണിയായി ആൽബിനും, പുരുഷനുമടങ്ങിയ സംഘം നാട്ടിൽ വാഴുന്ന കാലം.
ഇവർ കുറുപ്പിന്റെ അയൽവാസിയും മറ്റു ചിലരുമായി തല്ലുണ്ടാക്കി. ഇതിൽ ചിലർക്കു വെട്ടേറ്റു. അടുത്ത ദിവസം സുകുമാര കുറുപ്പിന്റെ നേതൃത്വത്തിൽ ആൽബിനെതിരേ പുന്നപ്ര പോലിസിൽ പരാതി നൽകി. പക മൂത്ത മാത്യു ആൽബിൻ രാത്രി കുറുപ്പിന്റെ വീട്ടിൽ ചെന്ന് വധഭീഷണി മുഴക്കി നാട്ടുകാരെ വിറപ്പിച്ചു. ആൽബിന്റെ ചങ്കൂറ്റത്തിനും കരളുറപ്പിനും മുന്നിൽ കുറുപ്പ് പതറി. ആ സമയത്ത് മൃതദേഹം കത്തിച്ച് വിദേശത്തുനിന്ന് ഇൻഷ്വറൻസ് തുക തട്ടാനുള്ള ശ്രമത്തിലായിരുന്നു സുകുമാരകുറുപ്പ് . അങ്ങനെയാണ് മ്യതദേഹത്തിന് ആൽബിന്റെ സഹായം തേടാനുള്ള ചിന്ത കുറുപ്പിന്റെ മനസിൽ ഉദയം ചെയ്തത്. ആ സമയത്ത് പോലിസിനെ ഭയന്ന് ആൽബിൻ അന്തിയുറങ്ങിയിരുന്നത് ആലപ്പുഴ വലിയ ചുടുകാട്ടിലായിരുന്നു.
അടുത്ത ദിവസം കുറുപ്പ് ആൽബിനെ തേടിയെത്തി. കാര്യങ്ങൾ വിവരിച്ചു. പഴക്കമില്ലാത്ത ബോഡി എത്തിച്ചു നൽകണം. കൈ നിറയെ പണവും വിദേശത്ത് ജോലിയും വാഗ്ദാനം നൽകി. തുടർന്നു തോട്ടപ്പള്ളി കൽപ്പകവാടിയിലെ ഷാപ്പിലിരുന്നു ചർച്ച നടത്തി. മൂക്കറ്റം മദ്യപിച്ചു.
തന്നെ നിരന്തരം പോലിസിന് ഒറ്റുകൊടുക്കുന്ന പറവൂർ സ്വദേശിയെ കൊന്ന് മ്യതദേഹം സുകുമാരകുറുപ്പിന് കൈമാറാനായിരുന്നു ആൽബിന്റെ പ്ലാൻ. ഇതിനുള്ള അഡ്വാൻസും വാങ്ങി സമയവും തീരുമാനിച്ചു. എന്നാൽ മദ്യലഹരിയിൽ ആൽബിൻ ഇതെല്ലാം മറന്നു പോയിരുന്നു.
അടുത്ത ദിവസം കൊല്ലം കള്ളിക്കാട് കടപ്പുറത്ത് മറ്റൊരു അടി പിടിക്കേസുമായി ബന്ധപ്പെട്ടു ആൽബിനും സംഘവും ആലപ്പുഴയിൽ നിന്ന് പോയിരുന്നു.
പറഞ്ഞ സമയത്ത് കുറുപ്പ് ആൽബിന്റെ വീട്ടിലെത്തിയെങ്കിലും ഭർത്താവ് ഇല്ലെന്ന മറുപടിയാണ് ആൽബിന്റെ ഭാര്യ മേരി നൽകിയത്. അവിടെ നിന്ന് മടങ്ങുന്ന വഴിയാണ് ദേശീയ പാതയിൽ കരുവാറ്റ ഭാഗത്തുവെച്ച് ഫിലിം റെപ്രസന്റേറ്റീവായ ആലപ്പുഴ സ്വദേശി ചാക്കോയെ കാറിൽ ലിഫ്റ്റ് നൽകി കയറ്റുന്നത്. അത് ചാക്കോയുടെ അന്ത്യ യാത്രയായിരുന്നെന്ന് ബ്രദർ മാത്യു ആൽബിൻ കണ്ണീരോടെ പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ടു രണ്ടാം പ്രതിയും മൂന്നാം പ്രതിയും തടവുശിക്ഷ പൂർത്തിയാക്കിയിരുന്നു. ഇടയ്ക്കു രണ്ടാം പ്രതി തൂങ്ങി മരിച്ചു. സുകുമാരകുറുപ്പു ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏകദേശം 75 വയസിനു മേൽ പ്രായം വരുമെന്നാണ് മാത്യു ആൽബിൻ പറയുന്നത്.