കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിലെ പ്രതി മഞ്ചാടിയില്‍ സാമൂവല്‍ മാത്യു എന്ന ഷാജിയെ മാപ്പുസാക്ഷിയാക്കില്ല. കേസിലെ മുഖ്യപ്രതി ജോളിയെ സഹായിച്ചതും കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും തടയാതിരുന്നതുമുള്പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തിയ മാത്യു മജിസ്ട്രേട്ടിനു മുന്‍പാകെ നൽകിയ രഹസ്യമൊഴിയിൽ എല്ലാം മാറ്റിപറഞ്ഞതാണ് കാരണം.
കോടതിയില്‍ മാത്യു നൽകിയ രഹസ്യമൊഴിയുടെ വിശദാംശം ലഭിച്ചതോടെയാണ് ഇയാളെ രണ്ടാംപ്രതിയാക്കാൻ പോലീസ് തീരുമാനിച്ചത്. ജോളിയെ അറിയില്ലെന്നും സയനൈഡ് നൽകിയിട്ടില്ലെന്നുമാണ് മാത്യു നൽകിയ രഹസ്യമൊഴി. എന്നാൽ, മാത്യുവും ജോളിയും തമ്മിൽ വർഷങ്ങളോളം തുടർന്നുവന്ന അവിഹിതബന്ധം സംബന്ധിച്ച തെളിവുകളും സാക്ഷിമൊഴികളും പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. പോലീസിനെ ചതിച്ച മാത്യുവിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയെന്നത് ദൗത്യമായി സ്വീകരിച്ചിരിക്കയാണിപ്പോൾ പോലീസ്.
കേസിലെ മുഖ്യപ്രതി ജോളി അഞ്ച് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ച സയനൈഡ് മാത്യുവാണ് സംഘടിപ്പിച്ച് നല്‍കിയിരുന്നത്. ഇതേതുടര്‍ന്നാണ് പൊന്നാമറ്റത്ത് ടോംതോമസ്, റോയ് തോമസ്, വിമുക്ത ഭടന് മാത്യു, ആല്ഫൈന് , സിലി വധക്കേസുകളില്‍ മാത്യുവിനെ പ്രതിയാക്കിയത്.
അതേസമയം കൂടത്തായ് കേസില്‍ അഞ്ചുപേരേയും കൊലപ്പെടുത്തുന്നതില്‍ മാത്യുവിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടുകൊണ്ട് മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മൊഴി മാറ്റിയതോടെയാണ് പ്രതിയാക്കി കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
ജോളിയുമായി മാത്യുവിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ജോളിയുടെ അയല്‍വാസികളായ ഒട്ടേറെപേര്‍ ഇതിന് സാക്ഷികളായുമുണ്ട്. പല ദിവസങ്ങളിലും രാത്രിയില്‍ മാത്യു പൊന്നാമറ്റം വീട്ടിലെത്തിയിരുന്നു.
മാത്യു വരുന്നതിന് മുന്നോടിയായി ജോളി വീട്ടിലെ ലൈറ്റുകളെല്ലാം ഓഫാക്കുക പതിവായിരുന്നുവെന്നും തിരിച്ചുപോവുമ്പോള്‍ ആദ്യം ജോളി പുറത്തിറങ്ങി ഗേറ്റ് തുറന്നുകൊടുക്കാറുണ്ടെന്നും തൊട്ടുപിന്നാലെ മാത്യു ബൈക്ക് സ്റ്റാര്ട്ടാക്കതെ റോഡിലേക്ക് മാറ്റിയശേഷം സ്റ്റാർട്ടാക്കി പോവാറാണ് പതിവെന്നും അയൽക്കാർ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് . ഈ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം മാത്യുവിന് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കാനാവുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
എം.എസ്. മാത്യുവിന്റെ പിതാവ് സാമൂവലിന്റെ സഹോദരരാണ് ജോളി കൊലപ്പെടുത്തിയ അന്നമ്മ ടീച്ചറും, വിമുക്ത ഭടനായ മഞ്ചാടിയില്‍ എം.എം. മാത്യുവും. പിതൃസഹോദരീ പുത്രനായ റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയില്‍ എത്തി അധികം വൈകാതെ തന്നെ മാത്യു ബന്ധം സ്ഥാപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
എല്ലതരത്തിലും മാത്യുവും ജോളിയും വളരെ അടുത്ത ബന്ധമായിരുന്നുള്ളത്. കൂടാതെ സയനൈഡ് മാത്യുവിന് നല്‍കിയെന്ന് പ്രജികുമാറും മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാത്യുവിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് മുഖ്യപ്രതിയായ ജോളിയെ ഭയപ്പെട്ടതിനാലാണെന്ന് മാത്യു അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നുവെന്നാണ് മാത്യു അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.ടോം തോമസ് മുതൽ നടന്ന അഞ്ചുകൊലപാതകങ്ങളെക്കുറിച്ചും തനിക്ക് അറിയാമായിരുന്നെന്ന മാത്യുവിന്റെ മൊഴി പോലീസ് നേരത്തെ വീഡിയോവിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഇപ്പോൾ വേറിട്ടുകഴിയുന്ന ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ജീവിക്കുന്നതിന് ഉണ്ടായകാര്യങ്ങളെല്ലം മജിസ്ട്രേട്ടിനു മുന്നിൽ ഏറ്റുപറയാമെന്ന അഭ്യർഥന കണക്കിലെടുത്താണ് മാത്യുവിനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് തീരുമാനിച്ചിരുന്നത്. റോയ് തോമസ് വധകേസിൽ ഇയാളെ രണ്ടാം പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം ഉടനെ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ് “രാഷ്ട്രദീപിക’യോടു പറഞ്ഞു.