റാഞ്ചി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി തയാറാക്കുന്ന പിച്ചുകള്‍ക്കെതിരെ മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്. ഇന്ത്യയിലെ പിച്ചുകള്‍ക്കു നിലവാരം കുറവാണെന്നാണ് പരമ്പരയുടെ കമന്റേറ്റര്‍കൂടിയായ ഹെയ്ഡന്റെ നിരീക്ഷണം.
നിലവാരം ഇല്ലാത്ത പിച്ചുകളായിരുന്നു പൂനയിലേതും ബംഗളൂരുവിലെയും. അതുകൊണ്ടാണ് ഇന്ത്യക്കും നന്നായി കളിക്കാനാവാത്തത്. ആദ്യ ഇന്നിംഗ്സില്‍ ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണ്‍ എട്ടു വിക്കറ്റ് നേടിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഇതു പിച്ചിന്റെ നിലവാരമില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്നും ഹെയ്ഡന് പറഞ്ഞു. ഇന്ത്യയിലെ ക്യുറേറ്റര്‍മാര്‍ ടീം ഇന്ത്യക്കായി ചത്ത പിച്ചുകള്‍ ഒരുക്കുന്നു എന്നാണ് ഓസ്ട്രേലിയന്‍ താരങ്ങളുടെയും മാധ്യമങ്ങളുടെയും ആക്ഷേപം.
ഡിആര്‍എസ് വിവാദം നല്ല രീതിയില്‍ അവസാനിക്കട്ടെയെന്ന് ഹെയ്ഡന് പ്രത്യാശിച്ചു. പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ ടെസ്റ്റ് വീതം വിജയിച്ച് സമനിലയിലാണ്. 16ന് റാഞ്ചിയിലാണ് പരമ്പരയിലെ മൂന്നാം മത്സരം.