പന്തളം: കെഎൽ 26 ഇ 8496, മാരുതി സ്വിഫ്റ്റ് കാർ. മകൻ ജോലിക്കൊന്നും പോകാതെ തർക്കവും ബഹളവുമായി കഴിഞ്ഞപ്പോഴും മുഖ്യമായും അവന്റെ യാത്രാസൗകര്യത്തിനായി ജോണും ലീലാമ്മയും വാങ്ങി നല്കിയ ഈ കാറിലാണ്, അതിക്രൂരമായി അവരെ കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ അധികം ദൂരമല്ലാത്ത പറന്പിൽ മാത്യൂസ് എത്തിച്ചത്.
26ന് ഉച്ചകഴിഞ്ഞ് ആദ്യം ജോണിന്റെ മൃതദേഹം എത്തിച്ച് കിണറ്റിൽ തള്ളിയ ശേഷം വീണ്ടുമെത്തിയാണ് ലീലാമ്മയുടെ മൃതദേഹം കൊണ്ടു പോയത്. ഒടുവിൽ, സംഭവം പുറത്തറിഞ്ഞ ഇന്നലെ രാവിലെ എട്ടോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയതും ഇതേ കാറിൽ. നീല ടീഷർട്ടും ജീൻസും ധരിച്ച് ഉൻമേഷവാനായി സ്റ്റേഷനിലേക്കെത്തിയ മാത്യൂസിനെ കണ്ട പ്പോൾ മാതാപിതാക്കളെ കൊന്നു തള്ളിയ മകനാണതെന്ന് പോലീസിന് സംശയം പോലുമില്ലായിരുന്നു. ഇയാളെത്തി വിവരം പറഞ്ഞിട്ടും പോലീസിന് ഏറെ നേരം വിശ്വസിക്കാനായിരുന്നില്ല.
കർമ്മനിരതനായി സിഐ ആർ.സുരേഷ്
പന്തളം: 25ഓളം പോലീസ് സേനാംഗങ്ങളാണ് കൊലപാതകം നടന്ന പൊങ്ങലടി പ്രദേശത്തേക്ക് നിയോഗിക്കപ്പെട്ടിരുന്നതെങ്കിലും ഒറ്റയാനായി പ്രവർത്തിച്ച പന്തളം സിഐ ആർ.സുരേഷാണ് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്നലെ രാവിലെ ഒന്പതോടെ സ്ഥലത്തെത്തിയ അദ്ദേഹം മണിക്കൂറുകളോളമാണ് ജോലിയിൽ വ്യാപൃതനായത്. പരിസരത്ത് ലോഷൻ തളിച്ചതും അദ്ദേഹമായിരുന്നു.
മൃതദേഹം പൊതിയാനുള്ള പ്ലാസ്റ്റിക് ഷീറ്റെത്തിച്ച് പാകത്തിന് മുറിച്ചെടുത്ത് തയാറാക്കി വയ്ക്കാനും അദ്ദേഹം ആരെയും ആശ്രയിച്ചില്ല. കാഴ്ചക്കാരായെത്തിയ നൂറുകണക്കിനാളുകളെ ശകാരിച്ചും മറ്റും പിണക്കാതിരുന്ന അദ്ദേഹം ഇൻക്വസ്റ്റ് നടപടികളുടെ രഹസ്യസ്വഭാവം നിലനിർത്താൻ ആൾക്കൂട്ടത്തെ അവസാനം പിരിച്ചു വിടുകയും ചെയ്തു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ഇത്തവണ അദ്ദേഹം അർഹനായിരുന്നു.