കൊച്ചി: കോണ്‍ഗ്രസ് നേതാവായ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് പങ്കാളിയായ നിയമസ്ഥാപനം കെഎംഎന്‍പി ലോയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്.
കെഎംഎന്പിയുടെ വക്കീല്‍ നോട്ടീസിന് മോഹനന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുഴല്നാടന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സ്വത്തു വിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.
കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നു കാട്ടാനാണ് ശ്രമിച്ചതെന്നും മോഹനന് പറഞ്ഞു.മാത്യു കുഴല്നാടന് നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് നേരത്തെ സി.എന്‍. മോഹനന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്ന് സി.എന്‍. മോഹനന് ആരോപിച്ചിരുന്നു. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് കാണിച്ചത്.
പിറ്റേദിവസം നല്കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഇതുവഴി കുഴല്നാടന് വെട്ടിച്ചതായും ആരോപിച്ചിരുന്നു.
ദുബായ്, ഡല്‍ഹി, ബെംഗളൂരു, ഗുവാഹാത്തി, കൊച്ചി എന്നിവിടങ്ങളില്‍ അദേഹത്തിന്റെ ലീഗല്‍ സ്ഥാപനങ്ങളുണ്ട്. ശരിയായ രീതിയിലല്ലാതെ വരുന്ന പണം വെളുപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവയെ മാറ്റുന്നുവെന്നും സി.എന്‍. മോഹനന് ആരോപിക്കുകയുണ്ടായി.
എന്നാല്‍, നിയമനടപടിയുമായി മുനോട്ടു പോകുമെന്ന മാത്യു കുഴല്‍നാടന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സി.എന്‍. മോഹനന് വിശദീകരണവുമായി രംഗത്തുവന്നതെന്നു ആക്ഷേപമുണ്ട്.
മോഹനന്റെ വിശദീകരണം ലജ്ജാകരം: മാത്യു കുഴല്നാടന് എംഎല്‍എ
സി.എന്‍. മോഹനന് തനിക്കെതിരെ നടത്തിയത് വ്യക്തിപരമായ ആക്ഷേപമാണ്. അദേഹത്തിന്റെ വിശദീകരണം ലജ്ജാകരമാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു. അധിക്ഷേപിച്ച് തളര്‍ത്തുന്നത് സിപിഎം ശൈലിയാണ്. ഇത് വിലപോവില്ല. ചങ്കുറപ്പോടെ നേരിടുമെന്നു മാത്യു കുഴല്നാടന് പറഞ്ഞു.